പഴ്സിലെ പവനും ധനവും തിരികെ നൽകി ധനേഷ്

Wednesday 11 January 2023 12:43 AM IST

മുഹമ്മ: പൊലീസ് ഉദ്യോഗസ്ഥന്റെ കൈയിൽ നിന്നു നഷ്ടപ്പെട്ട പഴ്സിലുണ്ടായിരുന്ന ഒന്നര പവന്റെ മാലയും പണവും രേഖകളും തിരികെ ഏൽപ്പിച്ച ടിപ്പർ ഡ്രൈവർക്ക് അഭിനന്ദനം.

മുഹമ്മ പഞ്ചായത്ത് ആറാം വാർഡ് മാണിക്യമംഗലം വീട്ടിൽ ധനേഷിനാണ് മാലയും പണവും രേഖകളും അടങ്ങിയ പഴ്സ് കിട്ടിയത്. ആലപ്പുഴ സൈബർ സെല്ലിലെ പൊലീസ് ഉദ്യോഗസ്ഥൻ കണ്ണങ്കര മുറുക്കുഴി മഹേഷിന്റെതായിരിന്നു പഴ്സ്. ചൊവ്വാഴ്ച വൈകിട്ട് 5.30ന് മുഹമ്മ പെട്രോൾ പമ്പിന്റെ വടക്ക് വശത്തെ റോഡിൽ പഴ്സ് കിടക്കുന്നത് കണ്ടാണ് ധനേഷ് വണ്ടി നിറുത്തിയത്. തുടർന്ന് മുഹമ്മ സ്റ്റേഷനിൽ ഏൽപ്പിച്ചു. മഹേഷ് ജോലി കഴിഞ്ഞ് സ്റ്റേഷനിൽ നിന്നു വീട്ടിലേക്ക് ബൈക്കിൽ പോകുമ്പോഴാണ് പേഴ്സ് നഷ്ടപ്പെട്ടത്. ഭാര്യയുടെ മാല വിളക്കിക്കാൻ കരുതിയതായിരുന്നു. സ്റ്റേഷനിൽ നിന്നു വിളിക്കുമ്പോൾ പഴ്സ് നഷ്ടപ്പെട്ടതറിയാതെ യാത്രയിലായിരിന്നു മഹേഷ്. സ്റ്റേഷനിൽ ഗ്രേഡ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പി. അജി, സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ധനേഷ് പഴ്സ് മഹേഷിന് കൈമാറി.