ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ , ജില്ലയിൽ 20,586 പേർക്ക് തൊഴിൽ

Wednesday 11 January 2023 12:44 AM IST

ആലപ്പുഴ: വ്യവസായ വകുപ്പ് ആവിഷ്കരിച്ച ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതി 100.16 ശതമാനം പൂർത്തീകരിച്ച് സംസ്ഥാന തലത്തിൽ ആലപ്പുഴ ഒന്നാമതെത്തി. ഒമ്പത് മാസം കൊണ്ടാണ് ലക്ഷ്യം കൈവരിച്ചത്. സംസ്ഥാനത്ത് പദ്ധതി ലക്ഷ്യം നേടിയ ആദ്യ ജില്ല, ആദ്യ താലൂക്ക്, ആദ്യ ബ്ലോക്ക് എന്നീ നേട്ടങ്ങളും ആലപ്പുഴയ്ക്ക് സ്വന്തം.

ആറ് താലൂക്കുകളിൽ മൂന്നും 12 ബ്ലോക്കുകളിൽ ഏഴും ആറു നഗരസഭകളിൽ അഞ്ചും 72 പഞ്ചായത്തുകളിൽ 51ഉം ഒൻപത് നിയമസഭ മണ്ഡലങ്ങളിൽ ആറും 100 ശതമാനം പദ്ധതി ലക്ഷ്യം കൈവരിച്ചു. 100 ശതമാനം നേട്ടമുണ്ടാക്കിയ ആദ്യ താലൂക്കും ബ്ലോക്കും നിയോജക മണ്ഡലവും മാവേലിക്കരയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ 100 ശതമാനത്തിലെത്തിയ ആദ്യ ബ്ലോക്ക് ഭരണിക്കാവും താലൂക്ക് ചെങ്ങന്നൂരുമാണ്. ഏറ്റവും മുന്നിലെത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും (56 എണ്ണം) ഇന്റേൺസും (86 പേരിൽ 63 പേർ) ജില്ലയിലാണ്.

നേട്ടങ്ങൾ വന്നവഴി

ജില്ലയിൽ 9,681 സംരംഭങ്ങൾ ആരംഭിച്ചു. ഒമ്പത് മാസത്തിനുള്ളിൽ 512 കോടിയുടെ നിക്ഷേപവും 20,586 പേർക്ക് തൊഴിലും നൽകി. സംരംഭങ്ങളിൽ 19 ശതമാനം ഉത്പാദന മേഖലയിലും 35 ശതമാനം സേവന മേഖലയിലും 46 ശതമാനം വ്യാപാര മേഖലയിലുമാണ്. 4186 വനിത സംരംഭകർ (43 ശതമാനം) പദ്ധതിയുടെ ഭാഗമായി. വ്യാപാരം, കാർഷിക ഭക്ഷ്യാധിഷ്ഠിത സാധനങ്ങളുടെ ഉത്പാദനം, ബ്യൂട്ടിപാർലറുകൾ, തുണിത്തരങ്ങളുടെ നിർമ്മാണം തുടങ്ങിയവയിലാണ് കൂടുതൽ സംരംഭങ്ങൾ.

ജില്ലാതല പ്രഖ്യാപനം

പദ്ധതി പൂർത്തീകരിച്ചതിന്റെ ജില്ലാതല പ്രഖ്യാപനം കളക്ടർ വി.ആർ.കൃഷ്ണ തേജ നിർവഹിച്ചു. ജീവനക്കാരും വിവിധ സംഘടന പ്രതിനിധികളും ചേർന്ന് കേക്ക് മുറിച്ചു. ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ്.ശിവകുമാർ, ലീഡ് ബാങ്ക് മാനേജർ അരുൺകുമാർ, ജില്ല വ്യവസായ കേന്ദ്രം മാനേജർ അഭിലാഷ്, വ്യാപാര വ്യവസായ ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്റ് കെ.എസ്.മുഹമ്മദ്, ജില്ല സെക്രട്ടറി ടി.വി.ബൈജു, കെ.എസ്.എസ്.ഐ.എ ജില്ല സെക്രട്ടറി മുജീബ് റഹ്‌മാൻ, പി.ജയമോൻ, ബിജുമോഹനൻ, എസ്.ജീവൻ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.