സുവർണ ക്ഷേത്രത്തിൽ സന്ദർശനം നടത്തി രാഹുൽ ഗാന്ധി

Wednesday 11 January 2023 1:19 AM IST

ന്യൂഡൽഹി:ഭാരത് ജോഡോ യാത്ര പഞ്ചാബിൽ പ്രവേശിക്കുന്നതിന് മുന്നോടിയായി അമൃത് സറിലെ സുവർണ ക്ഷേത്രത്തിൽ സന്ദർശനം നടത്തി രാഹുൽ ഗാന്ധി. ഉച്ചയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം രാജ്യത്തിന്റെ സന്തോഷത്തിനും സമാധാനത്തിനും സമൃദ്ധിക്കുമായി പ്രാർത്ഥിച്ചെന്ന് കോൺഗ്രസ് പാർട്ടി ട്വീറ്റ് ചെയ്തു. ക്ഷേത്ര ദർശനത്തിന് ശേഷം രാഹുൽ പഞ്ചാബിലെ ഫത്തേഗർ സാഹിബിലെ സിർഹിന്ദിലേക്ക് മടങ്ങി.

രാഹുൽ ഗാന്ധിയുടെ സുവർണ ക്ഷേത്ര സന്ദർശനത്തിനെതിരെ അകാലിദൾ രംഗത്തെത്തി. പഞ്ചാബിനെയും സിഖുകാരെയും ഒറ്റിക്കൊടുക്കുകയും ആരാധനാലയങ്ങൾ പോലും നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത ഗാന്ധി കുടുംബത്തിന്റെ പിൻഗാമിയായ രാഹുൽ ഗാന്ധിയെ സ്വാഗതം ചെയ്യുന്ന പഞ്ചാബ് കോൺഗ്രസിന്റെ ആവേശം കാണുമ്പോൾ ലജ്ജ തോന്നുന്നതായി ശിരോമണി അകാലിദൾ നേതാവും മുൻ കേന്ദ്രമന്ത്രിയുമായഹർസിമ്രത് കൗർ ബാദൽ പറഞ്ഞു. ഇതുവരെ ഗാന്ധി കുടുംബം മാപ്പ് പറയാൻ തയ്യാറായിട്ടില്ലെന്നും നിങ്ങൾ അവരെ സ്വാഗതം ചെയ്യുകയാണെന്നും അവർ ആരോപിച്ചു.

രാഹുലിന് പഞ്ചാബിൽ സുരക്ഷയൊരുക്കാൻ പഞ്ചാബ് പൊലീസിന്റെ പ്രത്യേക സ്ക്വാഡിന് രൂപം നൽകി. ജോഡോ യാത്രയിലുടനീളം എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഡ്യൂട്ടിയിലുണ്ടാകും. എട്ട് ദിവസമാണ് യാത്ര പഞ്ചാബിൽ പര്യടനം നടത്തുന്നത്. 19 ന് പഞ്ചാബിലെ യാത്ര പത്താൻ കോട്ടിൽ സമാപിക്കും. രാഹുലിന് സെഡ് കാറ്റഗറി സുരക്ഷ നൽകുന്ന സി.ആർ.പി.എഫുമായി സഹകരിച്ചാണ് സുരക്ഷയൊരുക്കുന്നത്. രാഹുൽ ഗാന്ധി പഞ്ചാബിൽ പ്രവേശിക്കുന്നത് തടയാൻ കഴിയുന്നവർക്ക് 100,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ച സിഖ് ഫോർ ജസ്റ്റിസ് പോലുള്ള ഗ്രൂപ്പുകളിൽ നിന്ന് ഭീഷണി ഉയരുന്ന സാഹചര്യത്തിലാണ് സുരക്ഷ വർദ്ധിപ്പിച്ചത്.