ബംഗളൂരു മെട്രോയുടെ പില്ലർ തകർന്ന് അമ്മയ്‌ക്കും കുഞ്ഞിനും ദാരുണാന്ത്യം

Wednesday 11 January 2023 1:30 AM IST

ബംഗളൂരു:ബംഗളൂരുവിൽ നിർമ്മാണത്തിലിരുന്ന മെട്രോയുടെ പില്ലർ തകർന്നു വീണ് ബൈക്ക്‌ യാത്രക്കാരായ അമ്മയും രണ്ടര വയസ്സുള്ള കുഞ്ഞും മരണമടഞ്ഞു. തേജസ്വിനി ,​ മകൻ വിഹാൻ എന്നിവരാണ് മരിച്ചത്. ​ബൈക്ക് ഓടിച്ച ഭർത്താവ് ലോഹിത്തും മരിച്ച കുഞ്ഞിന്റെ ഇരട്ട സഹോദരിയും പരിക്കേറ്റ് ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.

ഇന്നലെ രാവിലെ 10.45ന് ഔട്ടർ റിങ് റോഡിൽ എച്ച്.ബി.ആർ ലേ ഔട്ടിലാണ് അപകടമുണ്ടായത്. പില്ലർ തകർന്ന് ബൈക്കിന് മുകളിൽ വീഴുകയായിരുന്നു. നാല് പേരെയും നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും തേജസ്വിനിയുടെയും മകന്റെയും ജീവൻ രക്ഷിക്കാനായില്ല. ബംഗളൂരുവിലെ ഹൊരമാവ് സ്വദേശികളാണ്.

കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള നമ്മ മെട്രോയുടെ നിർമ്മാണത്തിലിരുന്ന 218-ാം നമ്പർ പില്ലറാണ് തകർന്നത്. 40 അടിയോളം ഉയരമുള്ള പില്ളറിന്റെ ഇരുമ്പ് ദണ്ഡുകൾ ഉറപ്പിച്ചിട്ടുണ്ടെങ്കിലും കോൺക്രീറ്റ് ചെയ്തിട്ടില്ലായിരുന്നു.

ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സിഎൽ)​ തേജസ്വിനിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ദുരന്തത്തിൽപ്പെട്ടവർക്ക് സർക്കാരും നഷ്ടപരിഹാരം നല്കുമെന്ന് കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.

ബി.ജെ.പി സർക്കാരിന്റെ അഴിമതിയാണ് ദുരന്തമുണ്ടാക്കിയതെന്നും നിലവാരമില്ലാത്ത അസംസ്കൃത വസ്തുക്കൾ ഉപയോഗിക്കുന്ന കരാറുകാരെയാണ് നിർമ്മാണം ഏല്പിച്ചതെന്നും പ്രതിപക്ഷം ആരോപിച്ചു.