ആണധികാരം സ്ത്രീവിരുദ്ധതയുടെ അടുപ്പുകൂട്ടൽ: കെ.ആർ. മീര

Wednesday 11 January 2023 3:46 AM IST

തിരുവനന്തപുരം: ആണധികാരം സ്ത്രീവിരുദ്ധതയുടെ അടുപ്പുകൂട്ടലാണെന്നും സ്ത്രീകളോടുള്ള സമൂഹത്തിന്റെ മനോഭാവത്തിൽ ഇനിയും മാറ്റം വരേണ്ടതുണ്ടെന്നും എഴുത്തുകാരി കെ.ആർ. മീര പറഞ്ഞു. നിയമസഭയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്‌തകോത്സവത്തിന്റെ ഭാഗമായി എഴുത്തിന്റെയും വായനയുടെയും ജീവിതത്തെക്കുറിച്ച് കെ.ആർ. മീരയുമായി എൻ.ഇ.സുധീർ നടത്തിയ സംഭാഷണത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സാഹിത്യ സൃഷ്ടികൾ അച്ചടിക്കും മുമ്പ് എഡിറ്റ് ചെയ്യുന്ന രീതി ഇവിടെയില്ല. ഭാവിയിൽ മലയാള സാഹിത്യ മേഖലയ്‌ക്ക് ഉപകരിക്കുംവിധം കൃതികൾ എഡിറ്റ് ചെയ്യുന്നതിനായി ഒരു പത്രാധിപ സമിതി ആരംഭിക്കാനാണ് ആഗ്രഹമെന്നും രണ്ടു പുസ്‌തകങ്ങൾ എഴുതുന്നതിനിടയിലുള്ള ഇടവേളയിൽ താനൊരു സാഹിത്യകാരി അല്ലെന്ന് സ്വയം വിശ്വസിക്കാനാണ് ആഗ്രഹമെന്നും അവർ പറഞ്ഞു. കെ.ആർ.മീരയ്ക്കും എൻ.ഇ.സുധീറിനുമുള്ള കേരള നിയമസഭാ ലൈബ്രറിയുടെ പുരസ്‌കാരം ജി. സ്റ്റീഫൻ എം.എൽ.എ കൈമാറി. സ്‌പീക്കർ എ.എൻ. ഷംസീർ പങ്കെടുത്തു.