പൊങ്കൽ ക്ഷണക്കത്തിലും തമിഴകം, ഒടുങ്ങാതെ ഗവർണർ-തമിഴ്നാട് സർക്കാർ പോര്

Wednesday 11 January 2023 2:00 AM IST

ചെന്നൈ: തമിഴ്നാട് എന്നതിനേക്കാൾ തമിഴകം എന്ന പേരായിരിക്കും സംസ്ഥാനത്തിന് കൂടുതൽ അനുയോജ്യമെന്ന പരാമർശത്തെച്ചൊല്ലിയുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ സർക്കാരിനുള്ള പൊങ്കൽ ക്ഷണക്കത്തിലും തമിഴകം ആവർത്തിച്ച് ഗവർണർ ആർ.എൻ. രവി.

കത്തിന്റെ ഇംഗ്ലീഷ് പരിഭാഷയിൽ തമിഴ്നാട് എന്നു തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. മാത്രമല്ല,​ തമിഴിൽ എഴുതിയിട്ടുള്ള കത്തിൽ തമിഴ്നാട് സർക്കാറിന്റെ ചിഹ്നം ഒഴിവാക്കുകയും കേന്ദ്ര സർക്കാറിന്റെ ചിഹ്നങ്ങൾ ഉൾക്കൊള്ളിക്കുകയും ചെയ്തു. ഇതോടെ തമിഴ്നാട്ടിൽ ഗവർണർക്കെതിരെയുള്ള പ്രതിഷേധം ശക്തമായി. ചെന്നൈയുടെ പല ഭാഗത്തും ഗെറ്റ് ഔട്ട് രവി എന്നെഴുതിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പ്രസംഗത്തിലെ പല പരാമർശങ്ങളും ഒഴിവാക്കി നയപ്രഖ്യാപനം നടത്തിയ ഗവർണറുടെ നീക്കത്തിനെതിരെ തിങ്കളാഴ്ച വലിയ പ്രതിഷേധമാണ് ഉയർന്നത്. ഗവർണർ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയതും ഏറെ ചർച്ചയായി. ഇതിനുപിന്നാലെ ട്വിറ്ററിലടക്കം ഗെറ്റ് ഔട്ട് രവി എന്ന ഹാഷ്ടാഗുയർന്നിരുന്നു.

നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ മാറ്റം വരുത്തിയതിൽ ഡി.എം.കെ അംഗങ്ങൾ സഭയിൽ പ്രതിക്ഷേധമുയർത്തിയതോടെയാണ് ഗവർണർ ഇറങ്ങിപോയത്. നയപ്രഖ്യാപന പ്രസംഗത്തിലെ പെരിയാർ, അംബേദ്കർ, കാമരാജ്, അണ്ണാദുരൈ, കരുണാനിധി തുടങ്ങിയവരുടെ പേരുകളും ദ്രാവിഡ മാതൃക, സാമൂഹികനീതി, സാമുദായിക സൗഹാർദം, സ്ത്രീകളുടെ അവകാശം ഉൾപ്പെടെയുള്ള മതേതര പരാമർശങ്ങളും ഗവർണർ പ്രസംഗത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. ഗവർണറുടെ നടപടിയിൽ ശക്തിയായ എതിർപ്പ് പ്രകടിപ്പിച്ച മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ സർക്കാർ തയാറാക്കിയ പ്രസംഗത്തിലെ ഭാഗങ്ങൾ സഭാരേഖകളിൽ ചേർക്കണമെന്നും സ്പീക്കറോട് ആവശ്യപ്പെട്ടു. പിന്നീട് യഥാർഥ പ്രസംഗം സഭാ രേഖകളിൽ ഉൾപ്പെടുത്തിയാൽ മതിയെന്ന പ്രമേയം നിയമസഭ പാസാക്കുകയും ചെയ്തു.

Advertisement
Advertisement