ഉച്ചഭക്ഷണത്തിൽ ചത്ത പാമ്പ്; കുട്ടികൾ ആശുപത്രിയിൽ

Wednesday 11 January 2023 2:02 AM IST

കൊൽക്കത്ത: പശ്ചിമബംഗാളിലെ സ്‌കൂളിൽ ഉച്ചഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ടെത്തി. ഭക്ഷണം കഴിച്ച ശേഷം ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട 30 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ബിർഭും ജില്ലയിലെ മയൂരേശ്വറിലെ മണ്ഡൽപൂർ പ്രൈമറി സ്കൂളിലാണ് സംഭവം.

ഭക്ഷണം നല്കിയ ശേഷമാണ് കറി നിറച്ച പാത്രത്തിൽ ചത്ത പാമ്പിനെ കണ്ടെത്തിയത്. സംഭവത്തെത്തുടർന്ന് പ്രതിഷേധവുമായി സ്കൂളിലെത്തിയ രക്ഷിതാക്കൾ പ്രധാനാദ്ധ്യാപകനെ തടഞ്ഞുവയ്ക്കുകയും അദ്ദേഹത്തിന്റെ ബൈക്ക് അടിച്ചു തകർക്കുകയും ചെയ്തു. അദ്ധ്യാപകരുടെയും പാചകക്കാരുടെയും അനാസ്ഥയാണിതെന്നും ഉത്തരവാദികൾക്കെതിരെ നടപടി എടുക്കണമെന്നും രക്ഷിതാക്കൾ പറഞ്ഞു.