സിദ്ധരാമയ്യയെക്കുറിച്ചുള്ള പുസ്തകത്തിനെതിരെ  പ്രതിഷേധം

Wednesday 11 January 2023 2:05 AM IST

ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിമർശിക്കുന്ന സിദ്ദു നിജ കനസുഗലു (ദി റിയൽ ഡ്രീംസ് ഓഫ് സിദ്ധരാമയ്യ) എന്ന പുസ്തകം ബി.ജെ.പി പുറത്തിറക്കുന്നതിനെതിരെ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തി. ബംഗളൂരുവിലെ കോൺഗ്രസ് ഭവന് മുന്നിൽ കെ.പി.സി.സി പ്രതിഷേധ പ്രകടനം നടത്തി. പറയാൻ ഒരു നേട്ടവുമില്ലാത്തപ്പോൾ, പ്രതിപക്ഷ നേതാക്കൾ വിലകുറഞ്ഞ തന്ത്രങ്ങൾ ഉപയോഗിക്കുന്നെന്നും ഇത് ബി.ജെ.പിയുടെ ദുഷിച്ച തന്ത്രമല്ലാതെ മറ്റൊന്നുമല്ലെന്നും കെ.പി.സി.സി ട്വീറ്റ് ചെയ്തു.

തിങ്കളാഴ്ച ബംഗളൂരു ടൗൺ ഹാൾ പരിസരത്ത് പുസ്തകം പ്രകാശനം ചെയ്യാൻ ബി.ജെ.പി പ്രവർത്തകർ തീരുമാനിച്ചിരുന്നെങ്കിലും കെ.പി.സി.സി അംഗങ്ങളും സിദ്ധരാമയ്യ അനുകൂലികളും പ്രതിഷേധിച്ചതിനെ തുടർന്ന് പരിപാടി റദ്ദാക്കിയിരുന്നു.

കർണാടക മുൻ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന പുസ്തകം പുറത്തിറക്കുന്നതിലൂടെ ബി.ജെ.പി തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുകയാണെന്നും പുസ്തകത്തിന്റെ പ്രകാശനം തടയണമെന്ന് അധികാരികളോട് ആവശ്യപ്പെടുന്നതായും കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.

റിപ്പബ്ലിക് ദിന പരേഡിൽ സംസ്ഥാനത്തിന്റെ നിശ്ചലദൃശ്യം നിരസിച്ചതിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ സിദ്ധരാമയ്യ വിമർശിച്ചതും വാർത്തയായിരുന്നു.