കേരള ബാങ്ക് കുടിശ്ശിക നിവാരണം ഫെബ്രുവരി 14 വരെ

Wednesday 11 January 2023 1:49 AM IST

തൃശൂർ: കേരള ബാങ്കിന്റെ നവ കേരളീയം കുടിശ്ശിക നിവാരണ പദ്ധതി ഫെബ്രുവരി 14 വരെ നിലവിലുളളതായും കഴിഞ്ഞ നവംബർ 30 വരെ പൂർണമായോ ഭാഗികമായോ കുടിശ്ശികയായ അൻപതു ലക്ഷം വരെയുള്ള വായ്പകൾ മാത്രം ഒറ്റത്തവണ തീർപ്പാക്കാനായി പരിഗണിക്കുന്നതാണെന്നും അധികൃതർ അറിയിച്ചു. വായ്പക്കാരൻ മരണപ്പെട്ട വായ്പകൾ, മാരകരോഗം ബാധിച്ചവരുടെയും അപകടം മൂലം ശയ്യാവലംബിതരായവരുടെയും വായ്പകൾ, നിരാലംബർ, മാതാപിതാക്കളുടെ മരണം മൂലം അവരുടെ വായ്പകൾ ബാദ്ധ്യതയായിട്ടുള്ളവർ എന്നീ വിഭാഗങ്ങളിൽപെടുന്നവരുടെ 5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി പ്രത്യേക പരിഗണന ലഭ്യമാണ്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾ, മത്സ്യത്തൊഴിലാളികൾ എന്നിവർ എടുത്തിട്ടുള്ള വായ്പകളിൽ കാലാവധി കഴിഞ്ഞ ഒരു ലക്ഷം വരെയുള്ള വായ്പകളിൽ പ്രത്യേക പരിഗണനയുണ്ട്. സർക്കാർ അംഗീകൃത പ്രളയബാധിതരുടെ വായ്പകൾ, മറ്റു കുടിശ്ശിക വായ്പകൾ എന്നിവയ്ക്കും നിരവധി ആനുകൂല്യം ലഭ്യമാണ്. സഹകരണ സംഘം രജിസ്ട്രാറുടെ ഉത്തരവിന് വിധേയമായാണ് ഇളവുകൾ. സംസ്ഥാനത്തെ എല്ലാ ശാഖകളിലും ഒറ്റതവണ തീർപ്പാക്കൽ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാണ്.