വി.സിക്കാര്യത്തിൽ അവ്യക്തത: കാർഷിക സർവകലാശാലയിൽ പ്രതിസന്ധി

Wednesday 11 January 2023 1:52 AM IST

തൃശൂർ: വി.സി ആരെന്നതിൽ അവ്യക്തത തുടരുന്ന കാർഷിക സർവകലാശാലയിൽ ജനറൽ കൗൺസിൽ ചേരാത്തത് ഭരണപ്രതിസന്ധി രൂക്ഷമാക്കുന്നു. നാല് മാസം കൂടുമ്പോൾ കൗൺസിൽ ചേരണമെന്നാണ് വ്യവസ്ഥ.

സംസ്ഥാന ബഡ്ജറ്റിന് മുമ്പ് കൗൺസിൽ ചേർന്ന് റിപ്പോർട്ടുകൾ അംഗീകരിച്ച് സർക്കാരിന് അയക്കണമെന്നുണ്ടെങ്കിലും യോഗം ചേരാൻ നടപടിയെടുത്തിട്ടില്ലെന്ന് സർവകലാശാലാ വൃത്തങ്ങൾ പറഞ്ഞു.

ഡോ.ചന്ദ്രബാബു വി.സിയായിരിക്കെ കഴിഞ്ഞ ജൂലായിൽ ചേർന്ന ജനറൽ കൗൺസിൽ യോഗം തർക്കത്തിലും ബഹളത്തിലും കലാശിച്ചതിനെ തുടർന്ന് പിരിച്ചുവിട്ടു. തുടർന്ന് ഡിസംബറിൽ ചേരേണ്ട കൗൺസിൽ ചേർന്നില്ല. കൗൺസിലിലെ നാലിലൊന്ന് അംഗങ്ങൾ ഒപ്പിട്ട് കത്ത് നൽകിയാൽ 21 ദിവസത്തിനകം യോഗം ചേരണമെന്ന വ്യവസഥ പാലിക്കപ്പെടുന്നില്ലെന്നും ആക്ഷേപമുണ്ട്. സ്ഥിരം വി.സിയില്ലാത്തതാണ് പ്രധാന പ്രശ്നം.

ഇക്കാര്യത്തിൽ കഴിഞ്ഞദിവസം ഗവർണറും ഇടപെട്ടതായാണ് വിവരം. കാർഷികോത്പാദന കമ്മിഷണർ ഇഷിത റോയിക്കാണ് സാങ്കേതികമായി വി.സിയുടെ ചുമതലയെങ്കിലും അവർ ഓഫീസിലെത്തുകയോ ഫയൽ പരിശോധിക്കുകയോ ചെയ്യുന്നില്ല. ആര്യ ചുമതലയേറ്റപ്പോൾ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകളിൽ ഒപ്പിട്ടതുൾപ്പെടെ ചില ഫയലുകളിൽ നടപടിയെടുത്തെങ്കിലും പ്രധാനപ്പെട്ടവയിൽ തീരുമാനമുണ്ടായില്ലെന്ന് ഒരു വിഭാഗം ജീവനക്കാർ ആരോപിക്കുന്നു.