ഇലഞ്ഞിത്തറയിൽ മേള ഗോപുരം തീർക്കാൻ ഇനി കിഴക്കൂട്ട്

Wednesday 11 January 2023 2:13 AM IST

  • എഴുപത്തിയേഴാം വയസിൽ പുതിയ നിയോഗം

തൃശൂർ: ഇലഞ്ഞിത്തറയിൽ വിസ്മയം സൃഷ്ടിക്കാൻ കിഴക്കൂട്ടെത്തുന്നു. 38 വർഷക്കാലം ഇലഞ്ഞിത്തറ മേളത്തിന്റെ മുൻനിരയിൽ കൊട്ടി തഴക്കമുള്ള കിഴക്കൂട്ട് അനിയൻ മാരാർ 77-ാം വയസിലാണ് തന്റെ സ്വപ്‌ന സാക്ഷാത്കാരത്തിന് ഇലഞ്ഞിത്തറയിലെത്തുന്നത്. പതിനാറാം വയസിൽ പതിയാരത്ത് കുഞ്ഞൻ മാരാർ പ്രമാണിയായിരുന്ന കാലത്താണ് കിഴക്കൂട്ട് ആദ്യമായി ഇലഞ്ഞിച്ചുവട്ടിലെത്തുന്നത്. 2011ൽ പാറമേക്കാവിന്റെ ദേശപ്പാനയ്ക്ക് കൊട്ടുന്നതിനിടെയാണ് അദ്ദേഹം തിരുവമ്പാടി വിഭാഗത്തിന്റെ മേള പ്രമാണിയായി നിശ്ചയിക്കപ്പെടുന്നത്. തുടർന്ന് ഇതുവരെ തന്നിലേൽപ്പിച്ച ദൗത്യം ഭംഗിയാക്കി നിറവേറ്റി വരുന്നതിനിടെയാണ് തന്റെ പഴയ തട്ടകത്തേക്ക് മേള പ്രമാണിയായി കിഴക്കൂട്ട് തിരികെയെത്തുന്നത്. 1992ൽ പാറമേക്കാവ് ദേവസ്വം കുട്ടൻ മാരാരെയും കിഴക്കൂട്ടിനെയും സുവർണ മുദ്ര നൽകി ആദരിച്ചിരുന്നു. 1999 മുതലാണ് പെരുവനം കുട്ടൻ മാരാർ മേളത്തിന്റെ സിംഫണി എന്നറിയപ്പെടുന്ന ഇലഞ്ഞിത്തറ മേളത്തിന്റെ പ്രമാണിയാകുന്നത്. തിരുവമ്പാടി വിഭാഗം ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാർ, ചെറുശ്ശേരി കുട്ടൻ മാരാർ എന്നിവരെയാണ് പരിഗണിക്കുന്നത്. അതേ സമയം പഞ്ചവാദ്യത്തിൽ കാര്യമായ മാറ്റം ഉണ്ടായേക്കില്ലെന്നാണ് വിവരം.