മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് പുറത്തുനിന്നുള്ള യജമാനന്മാരല്ല : ചെറിയാൻ ഫിലിപ്പ്
തൃശൂർ : കോൺഗ്രസിന്റെ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും നിശ്ചയിക്കുന്നത് പുറത്തു നിന്നുള്ള യജമാനന്മാരല്ലെന്നും ഹൈക്കമാൻഡാണെന്നും ചെറിയാൻ ഫിലിപ്പ്. തൃശൂർ മാനവിക സംസ്‌കൃതി സംഘടിപ്പിച്ച പി.ടി.തോമസ് അനുസ്മരണം നടത്തുകയായിരുന്നു അദ്ദേഹം. മാദ്ധ്യമങ്ങളോ ജാതിമത ശക്തികളോ സാമ്പത്തിക മേലാളന്മാരോ വിചാരിച്ചാൽ കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ സൃഷ്ടിക്കാനാവില്ല.
മുഖ്യമന്ത്രിയാവാൻ ആർക്കും ആഗ്രഹിക്കാം. കേരളത്തിൽ മുഖ്യമന്ത്രിയാവാൻ യോഗ്യതയുള്ള നിരവധി പേരുണ്ട്. ആരെന്ന് യോഗ്യതയുടെയും അർഹതയുടെയും ജനപിന്തുണയുടെയും അടിസ്ഥാനത്തിൽ പാർട്ടി നേതൃത്വം തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. അടുത്ത മുഖ്യമന്ത്രി കോൺഗ്രസിന്റേതാണെന്ന് പ്രചരിക്കുന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. ടി.എസ് മായാദാസ് അദ്ധ്യക്ഷത വഹിച്ചു. എൻ.ശ്രീകുമാർ, ഒ.അബ്ദുറഹിമാൻകുട്ടി, അനിൽ അക്കര, സുനിൽ ലാലൂർ എന്നിവർ സംസാരിച്ചു.