ബൊൽസൊനാരോ ആശുപത്രിയിൽ
മയാമി : ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ബ്രസീൽ മുൻ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോയെ യു.എസിലെ ഫ്ലോറിഡയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൊൽസൊനാരോയുടെ അനുകൂലികൾ ബ്രസീലിയയിൽ പാർലമെന്റ് മന്ദിരം, പ്രസിഡൻഷ്യൽ പാലസ്, സുപ്രീം കോടതി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിലേക്ക് ഇരച്ചുകയറി കലാപം സൃഷ്ടിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിച്ചപ്പിച്ചത്.
ഉദരസംബന്ധമായ അസ്വസ്ഥതകളെ തുടർന്നാണ് തിങ്കളാഴ്ച അദ്ദേഹത്തെ ഓർലാൻഡോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും നില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ഭാര്യ മിഷേൽ അറിയിച്ചു. 2018ൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബൊൽസൊനാരോയ്ക്ക് വയറ്റിൽ കുത്തേറ്റിരുന്നു.
അന്ന് കുടലിൽ ആഴത്തിൽ കുത്തേറ്റ അദ്ദേഹം പിന്നീട് നിരവധി തവണ ശസ്ത്രക്രിയയ്ക്ക് വിധേയനായെങ്കിലും ഇപ്പോഴും അത് സംബന്ധിച്ച പ്രശ്നങ്ങൾ നേരിടുന്നുണ്ട്. കഴിഞ്ഞ വർഷവും ഒന്നിലേറെ തവണ ബൊൽസൊനാരോ ചികിത്സ തേടിയിരുന്നു. ജനുവരി 1ന് ലൂല ഡ സിൽവ ബ്രസീലിന്റെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നേയാണ് ബൊൽസൊനാരോ ഫ്ലോറിഡയിലെത്തിയത്.