ഹാരിയുടെ പുസ്തകം വിപണിയിൽ

Wednesday 11 January 2023 6:35 AM IST

ലണ്ടൻ : ബ്രിട്ടീഷ് രാജകുടുംബാംഗം ഹാരി രാജകുമാരന്റെ ആത്മകഥയായ ' സ്പെയർ " യു.കെയിൽ വിപണിയിലെത്തി. കഴിഞ്ഞാഴ്ച സ്പാനിഷ് പതിപ്പ് പുറത്തിറങ്ങിയതിന് പിന്നാലെ പുസ്തകത്തിൽ ഹാരി തുറന്നുപറഞ്ഞ കാര്യങ്ങൾ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

ചാൾസ് മൂന്നാമൻ രാജാവിന്റെയും ആദ്യ ഭാര്യ ഡയാനയുടെയും ഇളയ മകനാണ് ഹാരി. 1992ൽ ഡയാനയെ പറ്റി ആൻഡ്രൂ മോർട്ടൺ എഴുതിയ ' ഡയാന : ഹർ ട്രൂ സ്റ്റോറി" എന്ന പുസ്തകത്തിന് ശേഷം ബ്രിട്ടീഷ് രാജകുടുംബവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പുസ്തകമാണ് ഹാരിയുടേത്. 16 ഭാഷകളിലുള്ള സ്പെയറിന്റെ ഓഡിയോ പതിപ്പും ലഭ്യമാണ്.

അമേരിക്കൻ നടി മേഗൻ മാർക്കിളിനെ താൻ വിവാഹം ചെയ്തതിന് പിന്നാലെ രാജകുടുംബത്തിലുണ്ടായ ഭിന്നത, മേഗൻ നേരിട്ട വിവേചനങ്ങൾ, സഹോദരൻ വില്യം രാജകുമാരനുമായുണ്ടായ തർക്കങ്ങൾ, അമ്മ ഡയാനയുടെ മരണം, ചാൾസിന്റെ രണ്ടാം ഭാര്യ കാമിലയുടെ വില്ലത്തി പരിവേഷം തുടങ്ങി സ്ഫോടനാത്മകമായ ഒട്ടേറെ വെളിപ്പെടുത്തലുകൾ ഹാരി ഈ പുസ്തകത്തിൽ നടത്തുന്നുണ്ട്.

ബ്രിട്ടീഷ് വ്യോമസേനയിൽ പൈല​റ്റായിരിക്കെ അഫ്ഗാനിൽ താലിബാനെതിരെ നടത്തിയ ആക്രമണങ്ങളിൽ താൻ 25 ശത്രു പോരാളികളെ കൊലപ്പെടുത്തിയെന്ന് പുസ്തകത്തിലൂടെ ഹാരി വെളിപ്പെടുത്തിയത് വിവാദം സൃഷ്ടിച്ചിരുന്നു. സ്പെയറിന്റെ ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിക്കുമെന്നാണ് പ്രതീക്ഷ. പുസ്തകം കോളിളക്കം സൃഷ്ടിച്ചിട്ടും രാജകുടുംബം മൗനം തുടരുകയാണ്.