ഇറാൻ മുൻ പ്രസിഡന്റിന്റെ മകൾക്ക് 5 വർഷം ജയിൽശിക്ഷ

Wednesday 11 January 2023 7:12 AM IST

ടെഹ്റാൻ : ഇറാൻ മുൻ പ്രസിഡന്റ് അക്ബർ ഹാഷിമി റഫ്സഞ്ചാനിയുടെ മകളും ആക്ടിവിസ്റ്റുമായ ഫയ്‌സെ ഹാഷിമിയ്ക്ക് അഞ്ച് വർഷം ജയിൽശിക്ഷ വിധിച്ച് ഭരണകൂടം. ഫയ്‌സെയ്ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം എന്താണെന്ന് വ്യക്തമല്ല. ഭരണകൂടത്തിനെതിരായ പ്രചാരണം നടത്തിയതിനാണെന്ന് ഇറാൻ പബ്ലിക് പ്രോസിക്യൂട്ടറെ ഉദ്ധരിച്ച് പ്രാദേശിക മാദ്ധ്യമങ്ങൾ പറയുന്നു.

നിലവിൽ രാജ്യത്ത് അരങ്ങേറുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഫയ്‌സെ സെപ്തംബറിൽ അറസ്റ്റിലായിരുന്നു. കലാപം സൃഷ്ടിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിനായിരുന്നു ഇത്. അതേ സമയം, ഫയ്‌സെയ്ക്ക് ശിക്ഷ ഇളവിനായി അപ്പീൽ നൽകാൻ അവസരമുണ്ടെന്നാണ് വിവരം. രാജ്യവിരുദ്ധ പ്രചാരണം നടത്തിയെന്ന കുറ്റത്തിന് 2012ൽ ഫയ്‌സെയെ ജയിലിലടക്കുകയും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു.