തോർത്ത് മാത്രം ഉടുപ്പിച്ച് അന്യസംസ്ഥാന തൊഴിലാളികളെ ആലിന് മുകളിൽ കയറ്റി; പിന്നാലെ പണവും ഫോണും അടിച്ചുമാറ്റി മലയാളി

Wednesday 11 January 2023 10:01 AM IST

തൃശൂർ: ക്ഷേത്രത്തിലേയ്ക്ക് ആലില പറിക്കണമെന്നാവശ്യപ്പെട്ട് വിളിച്ചുവരുത്തി അന്യസംസ്ഥാന തൊഴിലാളികളുടെ പണവും മൊബൈൽ ഫോണും തട്ടി മലയാളി. തൃശൂർ തൃപ്രയാറിൽ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവമുണ്ടായത്.

ക്ഷേത്രത്തിലേയ്ക്ക് വേണ്ടിയായതിനാൽ ശുദ്ധി വേണമെന്ന് പറഞ്ഞ് നാല് തൊഴിലാളികളുടെയും അടിവസ്ത്രമടക്കം അഴിപ്പിച്ചു. തോർത്ത് മാത്രം ഉടുത്ത തൊഴിലാളികളെ ചേർക്കര റോഡിന് സമീപമുള്ള ആലിന് മുകളിലേയ്ക്ക് കയറ്റി. ആലില പറിക്കുന്നതിനിടെ തൊഴിലാളികൾ താഴേയ്ക്ക് നോക്കിയപ്പോഴാണ് ജോലിയ്ക്ക് വിളിച്ചയാൾ തങ്ങളുടെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളുമായി കടന്നുകളയുന്നത് കണ്ടത്. തൊഴിലാളികൾ ഉടൻ തന്നെ താഴെയിറങ്ങിയെങ്കിലും ഇയാൾ കടന്നുകളഞ്ഞിരുന്നു. 16,000 രൂപ വിലവരുന്ന രണ്ട് മൊബൈൽ ഫോണുകളും പണവുമാണ് നഷ്ടപ്പെട്ടത്. വസ്ത്രങ്ങൾ പിന്നീട് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രതിയെ പിടികൂടാൻ വലപ്പാട് പൊലീസ് അന്വേഷണം ആരംഭിച്ചു.