എല്ലാ മാസവും മഴയ്ക്കായി പ്രാർത്ഥിക്കാം
വൈദ്യുതി നിരക്കു നിർണയം ഉത്പാദനച്ചെലവിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് എല്ലാ മാസവും പുതുക്കി നിശ്ചയിക്കണമെന്ന കേന്ദ്ര തീരുമാനം കേരളവും നടപ്പാക്കാൻ ഒരുങ്ങുകയാണ്. നിയമോപദേശം ലഭിച്ചശേഷമേ പരിഷ്കാരം നടപ്പാക്കൂ എന്നാണ് വൈദ്യുതിമന്ത്രി പറയുന്നതെങ്കിലും നിരക്കുകൂട്ടി ഉപഭോക്താക്കളെ പിഴിയാനുള്ള ഒരവസരവും പാഴാക്കാനിടയില്ലാത്തതിനാൽ ഏതു സമയത്തും ആ വെള്ളിടി പ്രതീക്ഷിക്കാം.
എല്ലാ മാസവും വൈദ്യുതി നിരക്ക് മാറുന്ന സ്ഥിതിവന്നാൽ ഇപ്പോൾത്തന്നെ രാജ്യത്ത് ഏറ്റവുമധികം ചാർജ് ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൽ വൈദ്യുതിക്കും ജനങ്ങൾ ദുർവഹമായ വില നൽകേണ്ടിവരും. വേനൽക്കാല മാസങ്ങളിൽ ഏറ്റവും ഉയർന്ന നിരക്കും മഴക്കാല മാസങ്ങളിൽ കുറഞ്ഞ നിരക്കും എന്നാണ് വാഗ്ദാനം. സംസ്ഥാനത്ത് ആറുമാസത്തിലധികം മഴ ലഭിക്കുന്നതുകൊണ്ട് ജൂൺ മുതൽ ഡിസംബർ വരെ താരതമ്യേന താങ്ങാവുന്ന നിരക്കാവും ഈടാക്കുക എന്നാണു സൂചന. പുറത്തുനിന്ന് കൂടുതലായി വൈദ്യുതി വാങ്ങേണ്ടിവരുന്ന കാലത്താണ് നിരക്ക് ഉയരുക. ഇന്ധനവിലയിൽ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങൾപോലെ ഭാവിയിൽ വൈദ്യുതിക്കും അധികവില നൽകേണ്ടിവരുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
കേരളത്തിൽ വൈദ്യുതി ഉത്‌പാദനവും വിതരണവുമെല്ലാം വൈദ്യുതി ബോർഡിന്റെ കുത്തകയായതിനാൽ അവർ നിശ്ചയിക്കുന്ന പ്രകാരമാണ് എപ്പോഴും കാര്യങ്ങൾ. ഈ മേഖലയിൽ മത്സരിക്കാൻ ഇവിടെ പ്രതിയോഗികളില്ലാത്തതിനാൽ ഏകപക്ഷീയമായ തീരുമാനങ്ങൾ ശിരസാവഹിക്കാൻ ഉപഭോക്താക്കൾ നിർബന്ധിതരാണ്. വൈദ്യുതി ഉത്‌പാദന - വിതരണ രംഗത്തും സ്വകാര്യ മേഖലയും മത്സരവും വന്നാൽ മാത്രമേ ബോർഡിന്റെ സ്വേച്ഛാപ്രമത്തത അവസാനിപ്പിക്കാനാകൂ.
ബോർഡിന്റെ ചെലവുകൾ പരമാവധി കുറച്ചുകൊണ്ട് നിരക്കുവർദ്ധന ഒഴിവാക്കാൻ ശ്രമിക്കണമെന്നാണ് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി കഴിഞ്ഞ ദിവസം നടന്ന ഉന്നതതലയോഗത്തിൽ നിർദ്ദേശിച്ചത്. ബോർഡിന്റെ സാമ്പത്തികനില പരിതാപകരമായ അവസ്ഥയിലാണ്. ബോർഡിനെ നിയന്ത്രിക്കാനായി കൊണ്ടുവന്ന റഗുലേറ്ററി കമ്മിഷന്റെ ഏക ദൗത്യം അധികച്ചെലവുകൾ മറികടക്കാൻ വേണ്ടി ഇടയ്ക്കിടെ മുന്നോട്ടുവയ്ക്കുന്ന സർചാർജ് അടക്കമുള്ള നിരക്കുവർദ്ധന ആവശ്യം അംഗീകരിക്കുക എന്നതാണ്. സർചാർജ് എല്ലാ മാസവും ഈടാക്കണമെന്നതാണ് കേന്ദ്രനിർദ്ദേശം. സർചാർജ് എന്നതുകൊണ്ട് നിരക്കുവർദ്ധന എന്നുതന്നെയാണ് അർത്ഥം. നിലവിൽ വർഷത്തിലൊരിക്കലാണ് ഇതു കണക്കാക്കുന്നതും ഉപഭോക്താക്കളിൽ നിന്ന് സർചാർജായി ഈടാക്കുന്നതും. ബാധകമായ സർചാർജ് ഓരോ മാസവും പിരിച്ചെടുക്കാനാണ് കേന്ദ്രത്തിന്റെ പുതിയ നിർദ്ദേശം. സർചാർജ് പിരിക്കാൻ റഗുലേറ്ററി കമ്മിഷന്റെ അനുമതിയും വേണ്ടിവരില്ല. ഫലത്തിൽ ഉപഭോക്താവിന്റെ താത്‌പര്യങ്ങൾക്ക് ഒരുവിധ പരിഗണനയും പ്രതീക്ഷിക്കേണ്ടെന്നു ചുരുക്കം.
മഴക്കാലത്ത് ജലവൈദ്യുതി പരമാവധി ലഭിക്കുമെന്നതിനാൽ, ആ കാലയളവിൽ നിരക്ക് കുറയുന്ന തരത്തിലാകും പരിഷ്കാരം നടപ്പാക്കുക എന്നു പറയുന്നുണ്ട്. എന്നാൽ വൈദ്യുതി ബോർഡിന്റെ ഇതുവരെയുള്ള രീതികൾ പരിശോധിച്ചാൽ അതിന് വിദൂരസാദ്ധ്യത പോലുമില്ല. തങ്ങളുടെ കുറ്റംകൊണ്ടല്ല കേന്ദ്ര നിർദ്ദേശമനുസരിച്ചാണ് പുതിയ പരിഷ്‌കാരങ്ങളെന്നുപറഞ്ഞ് വൈദ്യുതി ബോർഡിനു മാറിനിൽക്കാനാവുമെങ്കിലും ചെലവു നിയന്ത്രിച്ച് നിരക്കുവർദ്ധന ഒഴിവാക്കണമെന്ന വൈദ്യുതി മന്ത്രിയുടെ നിർദ്ദേശം എങ്ങനെ നടപ്പാക്കാനാവുമെന്ന് പരിശോധിക്കാൻ ബോർഡ് തയ്യാറാകുമോ എന്നാണറിയേണ്ടത്. പകലും രാത്രിയും വ്യത്യസ്ത നിരക്കുകൾ ഈടാക്കാൻ നേരത്തെ ഒരു നീക്കമുണ്ടായതാണ്. അതുപോലെ ഇനി മഴക്കാലത്തും വേനൽക്കാലത്തും നിരക്കു മാറ്റുന്ന പരീക്ഷണംകൂടി കാണേണ്ടിവരും. വർഷം പന്ത്രണ്ടുമാസവും മഴ പെയ്യണേ എന്നാവും ഉപഭോക്താക്കളുടെ ഇനിയുള്ള പ്രാർത്ഥന.