മകനൊപ്പം ബൈക്കിൽ സഞ്ചരിച്ച വീട്ടമ്മയ്ക്ക് ലോറിയിടിച്ച് ദാരുണാന്ത്യം

Thursday 12 January 2023 12:43 AM IST

കോട്ടയം: മകനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയ്ക്ക് ടോറസ് ലോറിയിടിച്ച് ദാരുണാന്ത്യം. മീനടം ചകിരിപ്പാടം സാം സി. മാത്യുവിന്റെ ഭാര്യ ഷൈനി സാമാണ് (48) മരിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് 12.30ന് ദേശീയപാതയിൽ വെള്ളൂർ എട്ടാംമൈൽ ജംഗ്ഷനിലായിരുന്നു അപകടം.

മകൻ അഖിലിന്റെ കല്യാണ ആവശ്യവുമായി ബന്ധപ്പെട്ട് കോട്ടയത്ത് പോയശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ അമിത വേഗതയിലെത്തിയ ലോറിയിടിക്കുകയായിരുന്നു. തുടർന്ന തെറിച്ചു വീണ ഷൈനിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഉടൻ നാട്ടുകാർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഖിലിന്റെ വിവാഹം ഫ്രെബുവരി ആറിനാണ് നിശ്ചയിച്ചിരുന്നത്.

രണ്ടു വർഷം മുമ്പാണ് ഇളയ മകൻ അനിൽ പാലക്കാട്ടുണ്ടായ അപകടത്തിൽ മരിച്ചത്. ഐ.എൻ.ടി.യു.സി. സംസ്ഥാന വൈസ്‌പ്രസിഡന്റ് അനിയൻ മാത്യുവിന്റെ സഹോദര ഭാര്യയാണ്. സംസ്‌കാരം ഇന്ന് മൂന്നിന് മീനടം നോർത്ത് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ.