കപ്പയ്‌ക്ക് വിലയിടിഞ്ഞു: കിലോ @ 33

Thursday 12 January 2023 12:31 AM IST

കോട്ടയം: മാസങ്ങൾക്ക് മുമ്പ് കിലോയ്‌ക്ക് 50 രൂപ വരെയുണ്ടായിരുന്ന കപ്പയ്‌ക്ക് ഇപ്പോഴത്തെ വില 33. എന്നാൽ അടിക്കടിയുള്ള വിലയിലെ ഏറ്റക്കുറച്ചിലിൽ കർഷകർ തൃപ്തരല്ല. മാസങ്ങൾക്ക് മുമ്പ് കിലോക്ക് 45 മുതൽ 50 രൂപ വരെയായിരുന്നു വില. ഇപ്പോഴത് മൂന്നുകിലോയ്‌ക്ക് 100 രൂപ എന്ന നിരക്കിലാണ് വില്പന. കർഷകന് കിലോയ്ക്ക് 30 രൂപ വരെ മാത്രമാണ് ലഭിക്കുന്നത്.

ജില്ലയിൽ പാമ്പാടി, കറുകച്ചാൽ, മണിമല, വാകത്താനം, അയർക്കുന്നം തുടങ്ങിയ മേഖലകളിലാണ് കപ്പക്കൃഷി വ്യാപകമായുള്ളത്. ഉത്പാദനം വർദ്ധിച്ചതാണ് വില കുറയാൻ കാരണമായതെന്ന് കൃഷിക്കാരും കച്ചവടക്കാരും പറയുന്നു.

കൂടാതെ, തമിഴ്‌നാട്ടിൽ നിന്നും മറ്റും കപ്പ എത്തുന്നതും നാടന്റെ വിപണിയ്‌ക്ക് തിരിച്ചടിയായി.

മുമ്പ് കപ്പക്ക് കിലോക്ക് 20 മുതൽ 25 രൂപ വരെയായിരുന്നു വില. ഇതുകൊണ്ടു തന്നെ ഇപ്പോൾ കിലോയ്ക്ക് കിട്ടുന്ന 30 രൂപ വലിയ നഷ്ടമല്ലെന്നാണ് കർഷകനായ എബി ഐപ്പ് പറയുന്നത്. അതേസമയം ഉണക്കു കപ്പക്ക് കിലോക്ക് 170 രൂപയാണ് വില. ജനുവരിയ്‌ക്ക് ശേഷമേ ഉണക്ക് കപ്പയുടെ സീസൺ ആരംഭിക്കൂ.

കർഷകന് കിട്ടുന്നത് 30 രൂപ

 കപ്പയ്‌ക്ക് ഇപ്പോഴത്തെ വില (കിലോയ്‌ക്ക്) - 33 രൂപ

 മൂന്നു കിലോയ്‌ക്ക്- 100 രൂപ

 മാസങ്ങൾക്ക് മുമ്പ്: 45 - 50 രൂപ

 കർഷകന് ലഭിക്കുന്നത്- 30 രൂപ

 മുമ്പ് കപ്പയുടെ വില: 20 - 25 രൂപ

 ഉണക്കുകപ്പയുടെ വില- 170 രൂപ

 ഉണക്ക് കപ്പ സീസൺ ജനുവരി മുതൽ