നാൾ മരം മുറിക്കൽ ചടങ്ങ്
ചെറുപുഴ: പ്രാപ്പൊയിൽ ശ്രീ വയനാട്ട് കുലവൻ ക്ഷേത്രത്തിൽ ഫെബ്രുവരി 25മുതൽ 27 വരെ നടക്കുന്ന ഒറ്റക്കോല മഹോത്സവത്തിന്റെ ആരംഭം കുറിച്ച് നാൾ മരം മുറിക്കൽ ചടങ്ങ് നടന്നു.പ്രാപ്പൊയിലിലെ മുണ്ടയിൽ തറവാട്ട് വളപ്പിൽ നിന്നാണ് നാൾ മരം മുറിച്ച് ക്ഷേത്രത്തിലെത്തിച്ചത്. ക്ഷേത്രം കമ്മിറ്റിക്കാരും ആചാരക്കാരും സ്ഥാനികരും ബാല്യക്കാരും, മാതൃസമിതിയംഗങ്ങളും ഭക്ത ജനങ്ങളും ചേർന്ന് പഞ്ചവാദ്യത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയിലാണ് നാൾ മരം മുറിച്ച് ക്ഷേത്രസ്ഥാനത്ത് എത്തിച്ചത്. ചുണ്ടയിലെ സാജേഷ് പണിക്കരെയാണ് ഒറ്റക്കോലത്തിന്റെ കോലധാരിയായി നിശ്ചയിച്ചിരിക്കുന്നത്.ആചാരസ്ഥാനീയരുടെയും ആഘോഷകമ്മിറ്റിയുടെയും നാട്ടുകാരുടെയും വൻപങ്കാളിത്തത്തോടെയാണ് നാൾമരം എത്തിച്ചത്. ഒരു വ്യാഴവട്ടക്കാലത്തിൽ നടക്കുന്ന മഹോത്സവത്തിന് വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്രത്തിൽ നടന്നു വരുന്നത്. ആഘോഷത്തിന്റെ ഭാഗമായി സാംസ്കാരിക പരിപാടികളും നടക്കും.