ഗുണ്ടകൾക്കെതിരെ ഓപ്പറേഷൻ 'സുപ്പാരി'
Thursday 12 January 2023 3:43 AM IST
തിരുവനന്തപുരം: നഗരത്തിൽ ഗുണ്ടാസംഘങ്ങൾ സജീവമാകുന്നതിനിടെ അക്രമസംഭവങ്ങൾ തടയാൻ 'ഓപ്പറേഷൻ സുപ്പാരി ' എന്ന പേരിൽ പദ്ധതി ആവിഷ്‌കരിച്ച് സിറ്റി പൊലീസ്. പദ്ധതിയുടെ ഭാഗമായി ക്രിമിനൽ സംഘങ്ങളുടെ ഫോട്ടോ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരം ശേഖരിച്ച് 'പേഴ്സണൽ പ്രൊഫൈൽ' തയ്യാറാക്കി പരിശോധിച്ച് നിരന്തരം നിരീക്ഷണം നടത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു അറിയിച്ചു. കൊലപാതകം, കൊലപാതകശ്രമം, പിടിച്ചുപറി, ഭീഷണിപ്പെടുത്തൽ, മയക്കുമരുന്ന് കച്ചവടം, കൂലിത്തല്ല് എന്നീ കേസുകളിൽപ്പെട്ടവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഇത് കാലാനുസൃതമായി പുതുക്കും. ഗുണ്ടകളുടെയും കൂട്ടാളികളുടെയും പ്രവർത്തനങ്ങളും സഞ്ചാരവും നിരീക്ഷിച്ച് നടപടികൾ സ്വീകരിക്കും. ഗുണ്ടകൾക്കെതിരെ 'കാപ്പ' നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.