കാണിക്കവഞ്ചി കുത്തിത്തുറന്നു
Friday 13 January 2023 12:19 AM IST
തിരുവഞ്ചൂർ . തിരുവഞ്ചൂർ ദേവസ്വം ശാസ്താ ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളിലുള്ള ശ്രീകോവിലിന് മുൻപിലെ വലിയ സ്റ്റീൽ കാണിക്ക കുത്തിത്തുറന്ന് മോഷണം. താഴ് തകർത്തശേഷം രണ്ടാമത്തെ പൂട്ട് തുറന്ന് കറൻസി നോട്ടുകളാണ് അപഹരിച്ചത്. ഇന്നലെ രാവിലെ ഒൻപതോടെയാണ് ക്ഷേത്ര ഭാരവാഹികൾ മോഷണവിവരം അറിഞ്ഞത്. 10,000 രൂപയോളം നഷ്ടപ്പെട്ടതായി ദേവസ്വം സെക്രട്ടറി അറിയിച്ചു. അയർക്കുന്നം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ജില്ലാ ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ദ്ധർ എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്രത്തിൽ സി സി ടി വിയുണ്ടെങ്കിലും പ്രവർത്തനരഹിതമാണ്. സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.