തൊഴിലുറപ്പ് വേതന വിതരണം കോട്ടയം ഒന്നാമത്.

Friday 13 January 2023 12:46 AM IST

കോട്ടയം . മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽ ജില്ലയിൽ വേതനമായി വിതരണം ചെയ്തത് 124.29 കോടി രൂപ. ഡിസംബർ 15 വരെയുള്ള കണക്കാണിത്. ഈ കാലയളവിൽ ജില്ലയിൽ 30,24,474 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചെന്നും കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ തോമസ് ചാഴികാടൻ എം പിയുടെ അദ്ധ്യക്ഷതയിൽ നടന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നാലാം പാദ അവലോകന യോഗം (ദിശ) വിലയിരുത്തി.

തൊഴിലുറപ്പുവേതനം സമയബന്ധിതമായി നൽകുന്നതിൽ സംസ്ഥാനത്ത് ജില്ല ഒന്നാമതാണ് (99.57%). മാടപ്പള്ളി, വാഴൂർ ബ്ലോക്കുകൾ സമയബന്ധിതമായി വേതനം നൽകുന്നതിൽ നൂറുശതമാനം നേട്ടം നിലനിർത്തി. 63,606 കുടുംബങ്ങൾക്കായി ശരാശരി 47.55 തൊഴിൽദിനങ്ങൾ നൽകി. പട്ടികജാതി കുടുംബങ്ങൾക്ക് 4,32,473 തൊഴിൽദിനങ്ങളും പട്ടികവർഗകുടുംബങ്ങൾക്ക് 1,03,079 തൊഴിൽദിനങ്ങളും നൽകി. ജില്ലയിൽ 3519 കുടുംബങ്ങൾ 100 തൊഴിൽദിനങ്ങൾ പൂർത്തിയാക്കി. പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയിൽ ജില്ലയിൽ ഈ വർഷം 52.938 കോടി രൂപ വിതരണം ചെയ്തു. ജില്ലയിൽ മൊത്തം 2,33,676 ഗുണഭോക്താക്കൾ ആണുള്ളത്.