മാലിന്യ ശേഖരണം; നഗരസഭയ്ക്ക് പണം നൽകാതെ ഏജൻസികൾ  ലഭിക്കാനുള്ളത് 73 ലക്ഷം  പിന്നിൽ ഉദ്യോഗസ്ഥ -ഏജൻസി കൂട്ടുകെട്ടെന്ന് സൂചന

Friday 13 January 2023 4:02 AM IST

തിരുവനന്തപുരം: നഗരസഭാ പരിധിയിലെ സ്ഥാപനങ്ങളിൽ നിന്ന് ജൈവ, അജൈവ മാലിന്യങ്ങൾ ഏജൻസികൾ ശേഖരികുന്നതിൽ നഗരസഭയ്ക്ക് വൻ നഷ്ടം. 2019 മുതൽ 2022 വരെ വിവിധ ഏജൻസികൾ നഗരസഭയ്ക്ക് നൽകാനുള്ളത് 73 ലക്ഷം രൂപ. ഉദ്യോഗസ്ഥ ഏജൻസി കൂട്ടുകെട്ടിന്റെ ഭാഗമായാണ് നഗരസഭയ്ക്ക് ഈ തുക നഷ്ടംവന്നതെന്നാണ് സൂചന. 2019 ജൂണിലാണ് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നതിന് അംഗീകൃത ഏജൻസികളെ ഏൽപ്പിക്കാൻ തീരുമാനിച്ചത്. സ്വന്തമായി മാലിന്യം സംസ്കരിക്കാനോ പന്നിഫാമോ ഉള്ള ഏ‌ജൻസികൾക്കായിരുന്നു കരാർ നൽകാൻ തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ ടെൻഡർ വിളിച്ച് 18 ഏജൻസികൾക്ക് കരാർ നൽകി. ജൈവ മാലിന്യം ശേഖരിക്കുന്നതിന് ഒരു കിലോയ്ക്ക് 5 രൂപ, ​പ്ളാസ്റ്റിക്കിന് 7 രൂപ വച്ച് സ്ഥാപനങ്ങൾ യൂസർഫീയായി നൽകണമെന്നായിരുന്നു നിബന്ധന. ഇതുകൂടാതെ നഗരസഭ തന്നെ ഈ തുക പിരിച്ച് 10 ശതമാനം തുക നഗരസഭയിൽ ഒടുക്കി ബാക്കി തുക ഏജൻസികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്ന നിബന്ധനയും കരാറിലുണ്ടായിരുന്നു. എന്നാൽ തുടക്കത്തിൽ തന്നെ ഈ നിബന്ധന ചില ഉദ്യോഗസ്ഥർ ചേർന്ന് അട്ടിമറിച്ചതായാണ് സൂചന. മൂന്നുവർഷമായി തുക നഗരസഭയ്ക്ക് ലഭിച്ചില്ലെന്നത് കൂടാതെ കരാറുകാർ സ്വന്തമായി തോന്നിയ നിരക്കിൽ തുക പിരിക്കാനും തുടങ്ങി. കൊവിഡ് കാരണമാണ് നിർദ്ദേശം നടപ്പാക്കാൻ സാധിക്കാത്തതെന്നാണ് അന്നത്തെ അധികൃതരുടെ വിശദീകരണം.

 തുക പിരിക്കാൻ നിർദ്ദേശം

വീഴ്ച കണ്ടെത്തിയ പുതിയ ഭരണസമിതി തുക പിരിച്ചെടുക്കാൻ നിർദ്ദേശം നൽകി. ഇതേതുടർന്ന് ഏജൻസികൾക്ക് തുക ഒടുക്കാനുള്ള നോട്ടീസും ഹെൽത്ത് ഓഫീസർ നൽകി. തുക കൈപ്പറ്റി അഞ്ച് ദിവസത്തിനുള്ളിൽ പണം അടയ്ക്കണമെന്ന് നിർദ്ദേശം നൽകിയെങ്കിലും ഏജൻസികൾ വഴങ്ങിയില്ല. തുടർന്ന് 18 ശതമാനം പിഴയും കൂടി ചേർന്ന് തുക ഒടുക്കണമെന്നു കാണിച്ച് വീണ്ടും നോട്ടീസ് നൽകി. ഇതോടെ വെട്ടിലായ ഏജൻസികൾ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. നഗരസഭയുടെ വീഴ്ച കാരണമാണ് തുക അടയ്ക്കാൻ സാധിക്കാത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.

 വീഴ്ചയെന്ന് ആക്ഷേപം

ഏജൻസികളുടെ കരാർ കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് ഏജൻസികൾ തുക അടയ്ക്കാതെ തടിതപ്പാൻ കാരണമെന്നാണ് ആക്ഷേപം. നഗരസഭ തുക പിരിക്കുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി 2022 ജനുവരിയിൽ സെക്രട്ടറി നൽകിയ ഫയൽ ഫയർ സെക്ഷനിലെ ക്ളാർക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകാതെ പൂഴ്‌ത്തി. പുതിയ അന്വേഷണം വന്നപ്പോഴാണ് പൂഴ്‌ത്തിയ ഫയൽ പൊങ്ങിവന്നത്.

ഏജൻസികൾ പ്രതിമാസം ശേഖരിച്ച മാലിന്യം (കിലോ);

നഗരസഭയിൽ ഒടുക്കാനുള്ള തുക എന്ന ക്രമത്തിൽ

 എസ്.എച്ച് പിഗ് ഫാം -18150- 290400

 നമ്പർ വൺ സപ്പോർട്ട് സിസ്റ്റം-6060 - 96960

 ക്ളീൻ ആൻഡ് ഗ്രീൻ കമ്പനി-30870 - 493920

 അന്ന പിഗ് ഫാം -12980 - 207680

 ബൈസൻ വാലി അനിമൽ ഫാം-42030-672480

 എം സെക്യുർ മാനേജ്മെന്റ്-32850 -525600

 സൺ ഏജ് എക്കോ സിസ്റ്റം (7)-45255 -1448160

 എക്കോ ഫാം-16800 -268800

 തെക്കുംകര ഫാം -9750 -156000

 ക്ളീൻ ആൻഡ് വെൽ യൂണിറ്റ്-4650 -74400

 എസ്.ജെ ഫാം-19050 -304800

 കീർത്തി പിഗ് ഫാം-3500 -52800

 ബെത്ത്ലഹേം പിഗ് ഫാം-34095 -545520

 മേരി മാത പിഗ് ഫാം-7260 -116160

 ലക്ഷ്മിപുരം പിഗ് ഫാം-8550 -136800

 സെന്റ് മൈക്കിൽ പിഗ് ഫാം-18300 -292800

 സെന്റ് ജൂഡ് പിഗ് ഫാം-17790 -284640

 വി.കെയർ -17790 -284640