വാഹനം തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ

Friday 13 January 2023 1:06 AM IST

കോട്ടയം: പണം നൽകാമെന്ന് പറഞ്ഞ് വാഹനം തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഇടുക്കി പെരുവന്താനം പണ്ടാരവിളയിൽ വീട്ടിൽ മിഥുൻ (27), കൂട്ടിക്കൽ താളുങ്കൽ അമ്പലം മണ്ണൂർ വീട്ടിൽ പ്രജിൻ (28) എന്നിവരെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞമാസം 10ന് എരുമേലി കനകപ്പലം ഭാഗത്തുള്ള യുവാവിൽ നിന്നാണ് മിഥുൻ ഓൾട്ടോ കാർ തട്ടിയെടുത്തത്. കാർ പണയം വെച്ച് എഴുപതിനായിരം രൂപ നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ പണം നൽകാതെ വാഹനം ഇയാൾ സുഹൃത്തായ പ്രജിന് കൈമാറി. തുടർന്ന് പ്രജിനും മറ്റൊരു സുഹൃത്തും വാഹനവുമായി തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു.

പരാതിയെ തുടർന്ന് മുണ്ടക്കയം എസ്.എച്ച്.ഒ എ. ഷൈൻ കുമാർ, എസ്.ഐ ആർ. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ കുമളിയിൽ നിന്നാണ് പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.