ബസ‌്മതി അരിക്ക് ഗുണനിലവാര മാനദണ്ഡം

Friday 13 January 2023 4:11 AM IST

ന്യൂഡൽഹി: ബസ‌്മതി അരിയുടെ ഗുണനിലവാരം ഉറപ്പാക്കാനും മായം കലർത്തൽ തടയാനും മാനദണ്ഡം നിശ്ചയിച്ച് ഭക്ഷ്യ സുരക്ഷ സ്റ്റാൻഡേർഡ് അതോറിറ്റി ഒഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) ഉത്തരവിറക്കി. ആഗസ്റ്റ് ഒന്നുമുതൽ നടപ്പാക്കും. ബ്രൗൺ, മില്ലഡ്, മിൽഡ് ബ്രൗൺ. മിൽഡ് പാർബോയിൽഡ് ബസ‌്മതി തുടങ്ങിയ ഇനങ്ങൾക്ക് ബാധകം.

അരിയുടെ ശരാശരി വലിപ്പം, പാചകം ചെയ്തതിന് ശേഷമുള്ള നീളം, പരമാവധി ഈർപ്പത്തിന്റെ പരിധി,​ യൂറിക് ആസിഡ് തുടങ്ങിയവയുടെ അളവ് നോക്കിയാണ് ഗുണനിലവാരം കണക്കാക്കുക.

പുതിയ മാനദണ്ഡം ബസ്‌‌മതി അരിയുടെ സ്വാഭാവിക സുഗന്ധം ഉറപ്പാക്കുമെന്നും കൃത്രിമ കളറിംഗ്, പോളിഷിംഗ്, കൃത്രിമ സുഗന്ധങ്ങൾ എന്നിവ ഉപയോഗിക്കുന്നത് തടയുമെന്നും എഫ്.എസ്.എസ്.എ.ഐ അറിയിച്ചു. ഹിമാലയൻ താഴ്‌വരകളിൽ കൃഷിചെയ്യുന്ന ബസ്‌മതി അരി വലിപ്പം, മൃദുവായ ഘടന, സ്വാഭാവിക സുഗന്ധം, സ്വാദ് എന്നിവയ്‌ക്ക് പേരുകേട്ടതാണ്. കൃഷി ചെയ്യുന്ന പ്രദേശങ്ങളിലെ കാലാവസ്ഥ, വിളവെടുപ്പ്, സംസ്കരണം, പഴക്കം എന്നിവയുടെ അടിസ്ഥാനത്തിൽ അരിയുടെ ഗുണനിലവാരം വ്യത്യാസപ്പെട്ടിരിക്കും.