തലശ്ശേരിയിൽ ബോംബ് സ്‌ഫോടനം: യുവാവിന് ഗുരുതര പരിക്ക്
തലശ്ശേരി: നഗരപ്രാന്തത്തിലെ ജനസാന്ദ്രമായ കോളനിയിലെ വീട്ടിൽ ഉഗ്രസ്‌ഫോടനം. സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് സാരമായി പരിക്കേറ്റ യുവാവിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് രണ്ടര മണിയോടെ പഴയ ലോട്ടസ് ടാക്കീസിനടുത്ത എം.ഇ.എസ്. കോളേജിന് സമീപത്തെ നടമ്മൽ കോളനിയിലെ ജിതിൻ (25)നാണ് വീട്ടിനകത്ത് വച്ച് സ്‌ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റത്.
പരിസരവാസികളും, പൊലീസും ചേർന്ന് ഇയാളെ തലശ്ശേരി ഗവ: ജനറൽ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോകുകയായിരുന്നു. ഇയാൾ അമ്മക്കൊപ്പമാണ് നടമ്മൽ വീട്ടിൽ താമസിച്ചിരുന്നത്. വീട്ടിൽ സ്ഥിരം ബഹളം വെക്കുന്ന പ്രകൃതക്കാരനാണ്. ഇയാളുടെ പേരിൽ അടിപിടി കേസുകളുണ്ട്. അമ്മ ഏതാനും ദിവസമായി ബന്ധുവീട്ടിലാണ് താമസം. ബോംബ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കൂത്തുപറമ്പ് എ.സി.പി.പ്രദീപൻ കണ്ണിപ്പൊയിൽ, തലശ്ശേരി സി.ഐ എം. അനിൽ, എൻ.ഐ.സി. ജയൻ എന്നിവർ വിശദമായ അന്വേഷണമാരംഭിച്ചിട്ടുണ്ട്. ബോംബ് നിർമ്മാണത്തിനിടയിലാണോ സ്‌ഫോടനം നടന്നതെന്ന് പരിശോധിച്ച് വരികയാണ്.