ശുപാർശ ആവർത്തിച്ചാൽ അംഗീകരിച്ചേ പറ്റൂ, സുപ്രീംകോടതി - കേന്ദ്രസർക്കാർ പോര് മുറുകി
ഭരണഘടന ബെഞ്ച് വിധി കേന്ദ്രം ലംഘിക്കുന്നു
ന്യൂഡൽഹി: ജഡ്‌ജിമാരുടെ നിയമനത്തിൽ കൊളീജിയം ആവർത്തിക്കുന്ന ശുപാർശ അംഗീകരിക്കാൻ കേന്ദ്രസർക്കാർ ബാദ്ധ്യസ്ഥമാണെന്ന് ഭരണഘടനാ ബെഞ്ചിന്റെ വിധി ചൂണ്ടിക്കാട്ടി സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. ജുഡിഷ്യറി - സർക്കാർ പോര് ഇതോടെ കൂടുതൽ കടുത്തു.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് കെ.എം ജോസഫ് എന്നിവരടങ്ങുന്ന സുപ്രീംകോടതി കൊളീജിയം കേന്ദ്ര നിയമ മന്ത്രാലയത്തിന് നൽകിയ കത്തിലാണ് മുന്നറിയിപ്പ്. കർണ്ണാടക ഹൈക്കോടതി ജഡ്ജിയായി അഭിഭാഷകനായ നാഗേന്ദ്ര രാമചന്ദ്ര നായിക്കിനെ നിയമിക്കാൻ കൊളീജിയം മൂന്നാമതും ശുപാർശ നൽകിയതിന് പിന്നാലെയാണ് മുന്നറിയിപ്പ്.
ശുപാർശ ആവർത്തിച്ചാൽ കേന്ദ്രം അംഗീകരിക്കണമെന്ന് 1993ലെ രണ്ടാം ജഡ്ജസ് കേസിലാണ് ഒമ്പതംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത്. കേന്ദ്ര നിലപാട് വിധിയുടെ ലംഘനമാണ്. സർക്കാരിന് വിയോജിപ്പുണ്ടെങ്കിൽ 18 ആഴ്ചയ്ക്കുള്ളിൽ ശുപാർശ മടക്കണമെന്നും ശുപാർശ ആവർത്തിച്ചാൽ മൂന്നോ നാലോ ആഴ്ചയ്ക്കുള്ളിൽ നിയമനം നടത്തണമെന്നെന്നും 2021ഏപ്രിലിലെ മറ്റൊരു വിധിയും കത്തിൽ പരാമർശിക്കുന്നു.
കൊളീജിയം ശുപാർശയിൽ 44 ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം ഉടനെന്ന് അറ്റോർണി ജനറൽ നേരത്തേ സുപ്രീംകോടതിയിൽ ഉറപ്പു നൽകിയെങ്കിലും ഉത്തരവിറങ്ങിയിട്ടില്ല.
നായിക്കിന്റെ ശുപാർശ ആദ്യം 2019ൽ
കർണ്ണാടക ഹൈക്കോടതി ജഡ്ജിയായി നാഗേന്ദ്ര രാമചന്ദ്ര നായിക്കിനെ 2019 ഒക്ടോബറിലാണ് കൊളീജിയം ശുപാർശ ചെയ്തത്
2021 മാർച്ചിൽ ശുപാർശ ആവർത്തിച്ചു. അതും കേന്ദ്രം തിരിച്ചയച്ചു. തുടർന്നാണ് മൂന്നാം ശുപാർശയും മുന്നറിയിപ്പും
2022 നവംബറിലെ 20 ശുപാർശകൾ കേന്ദ്രം തിരിച്ചയച്ചിരുന്നു. ഇതിൽ ഒമ്പത് എണ്ണം കൊളീജിയം ആവർത്തിച്ചതാണ്
കേരള ശുപാർശ അടുത്ത യോഗത്തിൽ
അഭിഭാഷകരായ അരവിന്ദ്കുമാർ ബാബു, കെ.എ.സഞ്ജീത എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരാക്കാനുള്ള ശുപാർശ മൂന്നാമതും അയയ്ക്കുന്നത് അടുത്ത കൊളീജിയം യോഗം തീരുമാനിക്കും
2021 സെപ്തംബർ ഒന്നിനാണ് ആദ്യ ശുപാർശ നൽകിയത്. ഇത് മടക്കിയതിനെ തുടർന്ന് 2021 നവംബർ 11ന് ശുപാർശ ആവർത്തിച്ചു. ഒരു വർഷത്തിന് ശേഷം ഇതും മടക്കി
ഇതിനൊപ്പം അലഹബാദ് ഹൈക്കോടതിയിലെ അഞ്ചും കൊൽക്കത്ത ഹൈക്കോടതിയിലെ രണ്ടും ജഡ്ജി നിയമന ശുപാർശകളും മടക്കിയിരുന്നു
നിലപാടിലുറച്ച് കേന്ദ്രം
സുപ്രീംകോടതിയുടേത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന അമിത ഇടപെടലെന്ന് കേന്ദ്രം. നിയമനിർമ്മാണ സഭകളുടെ അധികാരത്തെ കോടതികൾ മാനിക്കണമെന്നും ജുഡിഷ്യൽ ആക്ടിവിസം ഉപേക്ഷിക്കണമെന്നും സ്പീക്കർ ഓം ബിർള കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പാർലമെന്റ് പാസ്സാക്കിയ ദേശീയ ജുഡിഷ്യൽ നിയമന കമ്മിഷൻ നിയമം 2015ൽ സുപ്രീംകോടതി റദ്ദാക്കിയത് ജനാധിപത്യത്തിലെ സമാനതകളില്ലാത്ത സംഭവമാണെന്ന് ഉപരാഷ്ട്രപതിയും വിമർശിച്ചു. നിയമ മന്ത്രി കിരൺ റിജിജുവാകട്ടെ പാർലമെന്റിലുൾപ്പെടെ സുപ്രീംകോടതിയെ വിമർശിച്ച് പലതവണ വിവാദമുണ്ടാക്കി.