ദേശീയ പാത വികസനം: നാട്ടുകാർ നിർമ്മാണ ജോലികൾ തടഞ്ഞു
Thursday 12 January 2023 10:34 PM IST
കാഞ്ഞങ്ങാട്: ദേശീയപാത വികസിപ്പിക്കുമ്പോൾ തങ്ങൾക്ക് മതിയായ അടിപ്പാതകളും മേൽപ്പാതകളും പണിയണമെന്നാവശ്യപ്പെട്ട് സ്ത്രീകളും കുട്ടികളുമുൾപ്പെടെ വലിയൊരു വിഭാഗം ജനക്കൂട്ടം ഐങ്ങോത്ത് പാത നിർമ്മാണ ജോലികൾ തടസ്സപ്പെടുത്തി. കഴിഞ്ഞ മൂന്ന് മാസമായി ഇവിടെ ജനങ്ങൾ സമരത്തിലാണ്. ദേശീയപാത അധികൃതർ വേണ്ടത്ര ഗൗരവത്തിൽ വിഷയം ഉൾക്കൊള്ളാത്തതിൽ പ്രതിഷേധിച്ചാണ് ഇന്നലെ രാവിലെ നിർമ്മാണ ജോലികൾ തടസ്സപ്പെടുത്തിയത്. കൊവ്വൽ സ്റ്റോർ, ഐങ്ങോത്ത്, മുത്തപ്പൻക്കാവ് പ്രദേശത്തെ ജനങ്ങളാണ് പ്രവൃത്തി തടസ്സപ്പെടുത്തിയത്. സമരം ഇ.ചന്ദ്രശേഖരൻ എം.എൽ.എ സമരം ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ വി.വി.രമേശൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.ബാലകൃഷ്ണൻ,പ്രശാന്ത് സൗത്ത്,കൃഷ്ണൻ പനങ്ങാവ്, കൗൺസിലർ പ്രഭാവതി, പി.ദാമോദര പണിക്കർ, കെ.സി പീറ്റർ, പി.വി.മൈക്കിൾ, വി.സുശാന്ത്, എൻ.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.