കോടതി നിർദേശ പ്രകാരം കെട്ടിയ സ്കൂൾ മതിൽ പൊളിച്ചു മാറ്റി
ഉദുമ: സ്കൂൾ സ്ഥലം സംരക്ഷിക്കാൻ കോടതി നിർദേശ പ്രകാരം കെട്ടിയ മതിൽ പൊളിച്ചു മാറ്റിയ നിലയിൽ കണ്ടെത്തി. കാസർകോട്- കാഞ്ഞങ്ങാട് സംസ്ഥാന പാതയ്ക്ക് അരികിലുള്ള കോട്ടിക്കുളം ജി.യു.പി സ്കൂളിന്റെ വടക്കെ ഭാഗത്തുള്ള ചുറ്റുമതിലാണ് രാത്രി തകർത്ത നിലയിൽ കണ്ടത്.
പള്ളിക്കര രണ്ട് വില്ലേജിൽ 202/3 സർവേ നമ്പറിൽ ഉൾപ്പെടുന്ന സ്കൂളിന്റെ മൂന്ന് സെന്റ് സ്ഥലം സമീപവാസികൾ കൈയ്യേറിയിരുന്നു. സ്കൂൾ കെട്ടിട വികസനത്തിന്റെ ഭാഗമായി ഭൂമി അളന്നപ്പോഴാണ് മൂന്നുസെന്റ് സ്ഥലം കൈയേറിയതായി കണ്ടെത്തിയത്. ഇതേതുടർന്ന് ഈ സ്ഥലം വീണ്ടെടുക്കാൻ സ്കൂൾ വികസന സമിതി 18 വർഷമായി നിയമ നടപടിയുമായി മുന്നോട്ടു പോയി. കേസ് കോടതിയിലുമെത്തി. കഴിഞ്ഞ വർഷം ഹൈക്കോടതി സ്കൂളിന് അനുകൂല്യമായി വിധി പുറപ്പെടുപ്പിച്ചു.
സ്കൂളിന് അവകാശപ്പെട്ട സ്ഥലം വികസന പ്രവർത്തനത്തിന് ഉപയോഗിക്കാനാണ് ഉത്തരവിട്ടത്. ഇതെ തുടർന്ന് കഴിഞ്ഞ ആഴ്ച വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെയും ബേക്കൽ പൊലീസിന്റെയും സാന്നിദ്ധ്യത്തിൽ ഈ സ്ഥലത്ത് രണ്ടുവരി ഉയരത്തിൽ ചുറ്റമതിൽ കെട്ടി. ഈ സ്ഥലത്തിലൂടെ സ്വകാര്യാ വ്യക്തിക്ക് വീട്ടിലേക്ക് വാഹനം കൊണ്ടുപോകാൻ താൽക്കാലികമായി വഴിയും സ്കൂൾ അധികൃതർ ഒരുക്കിയിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് മതിലിന്റെ പണി തീർന്നത്. ഇന്നലെ രാവിലെയാണ് ഈ സർക്കാർ സ്ഥലത്തിന്റെ ചുറ്റുമതിൽ തകർത്ത നിലയിൽ കണ്ടെത് . സ്കൂൾ അധികൃതരുടെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു.