നില തെറ്റി മാനസികാരോഗ്യ കേന്ദ്രം പ്രവർത്തനം : മരുന്നിനായി കാത്തിരിക്കേണ്ടത് നാലും അഞ്ചും മണിക്കൂർ
തൃശൂർ : പടിഞ്ഞാറെക്കോട്ടയിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തുന്നവർക്ക് ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി പുറത്ത് കടക്കണമെങ്കിൽ ദിവസം മുഴുവൻ ചെലവഴിക്കണം. ദിനംപ്രതി ശരാശരി 200നും 250നും ഇടയിൽ രോഗികളെത്തുന്ന കേന്ദ്രത്തിൽ രോഗികളും ഒപ്പം വരുന്നവരും നട്ടം തിരിയുകയാണ്. ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും മുന്നൂറിനടുത്ത് രോഗികളെത്തുന്നുണ്ട്. രാവിലെ പതിനൊന്നിന് ഡോക്ടറെ കണ്ട് പുറത്തിറങ്ങുന്ന രോഗിക്ക് പക്ഷേ മരുന്ന് ലഭിക്കാൻ കാത്തിരിക്കേണ്ടത് നാലും അഞ്ചും മണിക്കൂറാണ്. ഫാർമസിയിൽ ആകെ തുറക്കുന്നത് ഒരു കൗണ്ടറാണ്. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക സൗകര്യങ്ങളോടെ ഫാർമസി നവീകരിച്ചിട്ടുണ്ടെങ്കിലും നിലവിൽ ഒരു കൗണ്ടർ മാത്രമാണ് പ്രവർത്തിക്കുന്നത്.
കൂടുതൽ കൗണ്ടറുണ്ടെങ്കിലും തുറക്കാതെ അടച്ചിട്ടിരിക്കുകയാണ്. ആറ് പേരാണ് ഫാർമസിസ്റ്റുകളായുള്ളത്. കൊവിഡിന് മുമ്പ് മൂന്നു കൗണ്ടറുകൾ പ്രവർത്തിച്ചിരുന്നെങ്കിലും ഒരാളെ സ്റ്റോറിലേക്ക് നിയോഗിച്ചു. കൊവിഡ് സമയത്ത് ഒന്നായി കുറച്ചു. ഫാർമസിക്ക് ഉള്ളിൽ കടന്ന് മരുന്ന് വാങ്ങാവുന്ന തരത്തിലുള്ള സംവിധാനമാണ് ഒരുക്കിയിരുന്നതെങ്കിലും കൊവിഡ് കാലത്തെ പോലെ ചെറിയ ദ്വാരത്തിലൂടെയാണ് ഇപ്പോഴും മരുന്നു വിതരണം. വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതിനാലാണ് നിയന്ത്രണമെന്നാണ് ആശുപത്രി അധികൃതരുടെ വാദം. ഒരു ഷിഫ്റ്റ് മാത്രമാണ് ഫാർമസി പ്രവർത്തിക്കുന്നത്. രാവിലെ എട്ട് മുതലാണ് ഫാർമസി പ്രവർത്തനം. പലപ്പോഴും ഫലത്തിൽ അതിലും വൈകും പ്രവർത്തനം.
മണിക്കൂറുകൾ ചെലവഴിക്കണം
ചികിത്സ തേടിയെത്തുന്നവരിൽ അക്രമാസക്തമാകുന്നവരുമുണ്ട്. ഇവരുടെ ഒപ്പം രണ്ടും മൂന്നും പേരാണ് വരുന്നത്. ഇവർക്ക് ഒക്കെ ഒരു ദിവസം മുഴുവൻ ഇവിടെ ചെലവഴിക്കണം. വരുന്നവരിൽ ഭൂരിഭാഗം പേരും വാഹനങ്ങളും മറ്റും വാടകയ്ക്ക് വിളിച്ച് വരുന്നവരാണ്. ഇതിന്റെ ഭാരിച്ച ചെലവും താങ്ങാനാവുന്നില്ല.
ശരാശരി ചികിത്സ തേടിയെത്തുന്നവർ 200-250
ഫാർമസിയിൽ രോഗികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഉടൻ പരിഹാരം കാണുന്നതിന് വേണ്ട ക്രമീകരണമേർപ്പെടുത്തും
ഡോ.രേഖ മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട്.