ലോറി ഡ്രൈവർ ഉറങ്ങിയ സമയം 3 ലക്ഷവുമായി മുങ്ങിയ സഹായി പിടിയിൽ

Friday 13 January 2023 1:23 AM IST

തൃപ്രയാർ: നാഷണൽ പെർമിറ്റ് ലോറികളിൽ ഡ്രൈവറുടെ സഹായിയായി കൂടി പണം തട്ടുന്ന അന്തർസംസ്ഥാന മോഷ്ട്ടാവിനെ വലപ്പാട് പൊലീസ് തന്ത്രപരമായി പിടികൂടി. വയനാട് എരുമാട് ആലുക്കൽ ഹംസ എന്ന ബാബു (42) വാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ആറാം തീയതി രാത്രി എടമുട്ടത്ത് ലോറിയിൽ നിന്നും 3 ലക്ഷം രൂപയുമായി ഇയാൾ മുങ്ങുകയായിരുന്നു.

വാഹനം നിറുത്തിയിട്ട് ഉറങ്ങുകയായിരുന്ന ഡ്രൈവർ ഉറങ്ങി എണീറ്റ് നോക്കിയപ്പോൾ കൂടെ ഉണ്ടായിരുന്ന ഹംസ ബാബുവിനെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 4 ലോഡ് ചിരട്ട വിറ്റ് എറണാകുളത്ത് നിന്ന് കിട്ടിയ മൂന്ന് ലക്ഷം രൂപ വാഹനത്തിൽ സൂക്ഷിച്ചിരുന്നത് കണ്ടില്ല. തുടർന്ന് ഡ്രൈവർ വലപ്പാട് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. ഹൈവേയിൽ നടക്കുന്ന വിവിധ തരം മോഷണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോഗ്‌റേ ഡിവൈ.എസ്.പിമാരായ ബാബു കെ.തോമസ്, സലീഷ് എൻ. ശങ്കർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് സൂചന ലഭിക്കുന്നത്.

സി.സി.ടി.വികളിൽ നിന്നും കിട്ടിയ വിവരമനുസരിച്ച് ഹംസ ബാബു ബാഗ്ലൂർ എത്തിയതായി വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി മംഗലാപുരത്തേക്ക് മുങ്ങിയതായി മനസിലായി. മംഗലാപുരത്തിനടുത്ത് വച്ച് കാപ്പു പൊലീസിന്റെ സഹായത്തോടെ പ്രതിയെ കുടുക്കുകയായിരുന്നു. പ്രതിയിൽ നിന്നും 1,63,000 രൂപയും 87,000 രൂപ കൊടുത്ത് വാങ്ങിയ നാനോ കാറും കണ്ടെടുത്തു. ബാക്കി തുക പ്രതി ചീട്ടു കളിച്ച് കളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

നാഷണൽ പെർമിറ്റ് ലോറികളിൽ വാക്ചാതുരി കൊണ്ട് ഡ്രൈവർമാരെ പാട്ടിലാക്കി സഹായിയായി കൂടെ കൂടി ഹൈവേകളിൽ വിശ്രമിക്കാനായി ലോറി നിറുത്തിയിട്ട് ഡ്രൈവർ ഉറങ്ങുന്ന സമയത്ത് വാഹനത്തിനുള്ളിൽ നിന്ന് പണം എടുത്ത് മുങ്ങുന്ന രീതിയാണ് പ്രതിയുടേത്. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത പ്രതി കള്ള പേരും വിലാസവുമാണ് ഈ സമയങ്ങളിൽ ഡ്രൈവർമാരെ പറഞ്ഞ് ധരിപ്പിക്കുന്നത്. വലപ്പാട് എസ്.എച്ച്.ഒ: സുശാന്ത് കെ.എസ്, എസ്.ഐമാരായ ടോണി ജെ. മറ്റം, അരുൺ മോഹൻ, എ.എസ്.ഐ: വിനോദ് കുമാർ, സീനിയർ സി.പി.ഒമാരായ പ്രബിൻ, മനോജ്, അനീഷ്, ദിപീഷ്, സി.പി.ഒ: രാഗേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.