കളമശേരിയിൽ 500 കിലോയിലധികം ചീഞ്ഞ കോഴിയിറച്ചി പിടികൂടി

Friday 13 January 2023 1:12 AM IST

കളമശേരി: ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കളമശേരിയിൽ 500കിലോയിലധികം വരുന്ന ചീഞ്ഞ കോഴിയിറച്ചി പിടികൂടി. നഗരസഭ 20-ാം വാർഡ് കൈപ്പടമുകൾ ജന്നത്തുൽഉലും മദ്രസയുടെ സമീപത്തുള്ള വാടകവീട്ടിൽ നിന്നാണ് ദുർഗന്ധം വമിക്കുന്ന കോഴിയിറച്ചിയും 150 കിലോ പഴകിയ എണ്ണയും പിടിച്ചെടുത്തത്. പാലക്കാട് മണ്ണാർക്കാട് സ്വദേശി ജുനൈസിന്റേതാണ് ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന സ്ഥാപനം.

തമിഴ്‌നാട്ടിലെ ഫാമുകളിൽനിന്നെത്തിച്ച അഴുകിയ കോഴിയിറച്ചിയാണ് കളമശേരി നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ജില്ലയിലെ വിവിധ ഹോട്ടലുകളിൽ വിതരണം ചെയ്യുന്നതിനും ഷവർമ്മ ഉൾപ്പെടെയുള്ള വിഭവങ്ങൾ ഉണ്ടാക്കുന്നതിനുമാണ് മൂന്ന് അറകളുള്ള രണ്ടു ഫ്രീസറുകളിലായി കോഴി ഇറച്ചി സൂക്ഷിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഥാപനം അടച്ചുപൂട്ടി.

പരിസരത്ത് ദുർഗന്ധവും ഈച്ചശല്യവും കാരണം സമീപത്തെ വായനശാലയിലെ കുട്ടികളും പ്രദേശവാസികളുമാണ് സംഭവം ആരോഗ്യവിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഉദ്യോഗസ്ഥർ ഇന്നലെ രാവിലെ എട്ടോടെ പരിശോധനയ്ക്കെത്തുമ്പോൾ അഞ്ച് അന്യസംസ്ഥാന തൊഴിലാളികളാണ് ഇവിടെ ഉണ്ടായിരുന്നത്. ബുധനാഴ്ച രാവിലെയും ഇറച്ചി ഹോട്ടലുകളിലേക്ക് വിതരണം ചെയ്തിരുന്നതായി ഇവർ മൊഴി നൽകിയിട്ടുണ്ട്.

പിടിച്ചെടുത്ത പഴകിയ കോഴിയിറച്ചി ബ്രഹ്മപുരം മാലിന്യനിക്ഷേപ കേന്ദ്രത്തിലെത്തിച്ചു. മുനിസിപ്പൽ ഹെൽത്ത്സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ. നിഷാദ്, കൗൺസിലർ സൽമത്ത് സെയ്ദ് മുഹമ്മദ്, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരായ സുനിൽ റെയ്മണ്ട്, സുനിൽ താഹ, മാത്യു ജോർജ്, ധൻരാജ്, ഷൈമോൾ, ആഞ്ജലീന എന്നിവർ റെയ്ഡിൽ പങ്കെടുത്തു.