റോഡ് ഇടിഞ്ഞുതാഴ്ന്നു, ബൈക്ക് യാത്രികന് പരിക്ക്‌

Friday 13 January 2023 12:49 AM IST

ബെംഗളൂരു: സെൻട്രൽ ബെംഗളൂരുവിലെ നഗവരയിൽ റോഡ് ഇടിഞ്ഞുതാഴ്ന്ന് ഇരുചക്രവാഹനയാത്രക്കാരന് പരിക്ക്. മെട്രോ നിർമ്മാണം നടക്കുന്നതിന് സമീപമാണ് റോഡ് ഇടിഞ്ഞത്. ബൈക്ക് യാത്രികൻ കടന്നുപോകുമ്പോൾ റോഡിന്റെ മദ്ധ്യഭാഗം അപ്രതീക്ഷിതമായി ഇടിഞ്ഞുതാഴുകയായിരുന്നു. ഇയാളുടെ നിലഗുരുതരമല്ലെന്നാണ് വിവരം. റോഡ് തകർന്ന സ്ഥലത്ത് നിന്ന് 150 മീറ്റർ അകലെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. മെട്രോ ടണൽ പദ്ധതിയുടെ രണ്ടാംഘട്ടമായ റെഡ് ലൈൻ എന്ന് വിളിക്കപ്പെടുന്ന നാഗവാര മുതൽ ഗോട്ടിഗെരെ വരെയുള്ള ഭാഗമാണിത്.

മെട്രോയുടെ തൂണ് തകർന്ന് വീണ് രണ്ടുദിവസം മുമ്പ് അമ്മയും മകനും മരണപ്പെട്ടിരുന്നു. തുടർന്ന് സംസ്ഥാന സർക്കാരിനും മെട്രോ അധികൃതർക്കുമെതിരെ കടുത്ത പ്രതിഷേധമുണ്ടായിരുന്നു. കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം സർക്കാർ അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മെട്രോയുമായി ബന്ധപ്പെട്ട് മറ്റൊരു അപകടവും ഉണ്ടാവുന്നത്. മെട്രോ അധികൃതർക്കും കോൺട്രാക്ടർക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു.