ബാഗിൽ മയക്കുമരുന്ന് കടത്തി, പ്രാവ് പിടിയിൽ!

Friday 13 January 2023 6:18 AM IST

ടൊറന്റോ : ശരീരത്തിൽ മയക്കുമരുന്ന് നിറച്ച ചെറു ബാക്ക് പാക്കുമായെത്തിയ പ്രാവിനെ കനേഡിയൻ ജയിലിൽ പിടികൂടി. ഡിസംബർ 29ന് ബ്രിട്ടീഷ് കൊളംബിയയിലെ ആബട്സ്‌ഫഡ് ജയിലിലായിരുന്നു സംഭവം. തടവുകാർക്ക് സെല്ലുകൾക്ക് പുറത്ത് ഗെയിമുകൾ കളിക്കാനും സ്വതന്ത്രമായി ഇരിക്കാനുമൊക്കെയുള്ള മേഖലയിലാണ് പ്രാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടത്. പ്രത്യേകം പരിശീലനം ലഭിച്ച പ്രാവാണ് ഇതെന്ന് കരുതുന്നു. പ്രാവിനെ അധികൃതർ ഏറെ പണിപ്പെട്ട് കെണിയിൽ വീഴ്ത്തുകയായിരുന്നു.

പ്രാവിൽ ഘടിപ്പിച്ചിരുന്ന ചെറുബാഗിനുള്ളിൽ30 ഗ്രാം ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ ആണുണ്ടായിരുന്നതെന്നും ഇത് പിടിച്ചെടുത്ത ശേഷം പ്രാവിനെ സ്വതന്ത്രമാക്കി വിട്ടെന്നും ജയിൽ അധികൃതർ പറഞ്ഞു. ഇതിന് മുമ്പ് തടവുകാരിലേക്ക് ഏതെങ്കിലും തരത്തിലെ വസ്തുക്കൾ എത്തിക്കാൻ പുറത്തുനിന്നുള്ളവർ ഡ്രോണിനെ ജയിൽ പരിസരത്ത് കടത്തിവിട്ടുണ്ടെന്നും അല്ലെങ്കിൽ ജയിൽ മതിൽക്കെട്ടിനുള്ളിലേക്ക് അവ എറിഞ്ഞിട്ടുണ്ടെന്നും എന്നാൽ ആദ്യമായണ് ഒരു പ്രാവിനെ ഇത്തരം കള്ളക്കടത്തുകൾക്ക് ഈ ജയിലിൽ ഉപയോഗിക്കപ്പെടുന്നതെന്നും അധികൃതർ പറയുന്നു. അതേ സമയം, ഈ പ്രാവിന്റെ ലക്ഷ്യം ആരിലേക്കായിരുന്നെന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.