വിഖ്യാത ഗിറ്റാറിസ്‌റ്റ് ജെഫ് ബെക്ക് ഇനി ഓർമ്മ

Friday 13 January 2023 6:23 AM IST

ലണ്ടൻ: വിഖ്യാത ബ്രിട്ടീഷ് റോക്ക് ഗിറ്റാറിസ്റ്റ് ജെഫ് ബെക്ക് (78) അന്തരിച്ചു. ബാക്ടീരിയൽ മെനിഞ്ചൈ​റ്റിസ് രോഗബാധയെത്തുടർന്ന് ചികിത്സയിലിരിക്കെ ഈസ്റ്റ് സസക്സിലായിരുന്നു അന്ത്യം. ഇംഗ്ലീഷ് റോക്ക്‌ബാൻഡായ യാഡ്ബേർഡ്സിലൂടെ പ്രശസ്തി നേടിയ ജെഫ് പിന്നീട് സോളോ കരിയറിലൂടെയും തിളങ്ങി. ലോകത്തെ മികച്ച ഗിറ്റാറിസ്റ്റുകളിൽ ഒരാളാണ് ജെഫ്.

1944ൽ ഇംഗ്ലണ്ടിലെ സൗത്ത് ലണ്ടനിലാണ് ജെഫ്രി ആർനോൾഡ് ബെക്ക് എന്ന ജെഫിന്റെ ജനനം. സ്വന്തമായാണ് ജെഫ് ഗിറ്റാർ പഠിച്ചത്. കടം വാങ്ങിയ ഗിറ്റാറിന്റെ തന്ത്രികൾ മീട്ടി തുടങ്ങിയ അദ്ദേഹം സ്വന്തമായൊരു ഗിറ്റാർ നിർമ്മിക്കാനും ശ്രമിച്ചിരുന്നു. ദ ജെഫ് ബെക്ക് ഗ്രൂപ്പ് എന്ന പേരിൽ റോക്ക് ബാൻഡ് അദ്ദേഹം രൂപീകരിച്ചിരുന്നു. റോജർ വാട്ടേഴ്സ്,ജോൺ ബോൺ ജോവി തുടങ്ങിയ ഗായകരുമായി പ്രവർത്തിച്ചു. അടുത്തിടെ നടൻ ജോണി ഡെപ്പിന്റെ ഒരു ആൽബത്തിലും പ്രവർത്തിച്ചു. ബ്ലൂസ് റോക്ക്,​ ഹാർഡ് റോക്ക്,​ ജാസ് ഫ്യൂഷൻ തുടങ്ങിയ വിഭാഗങ്ങളിൽ വ്യത്യസ്ത ശൈലികളിലൂടെ ശ്രദ്ധനേടിയ അദ്ദേഹം ' ഗിറ്റാറിസ്റ്റുകളുടെ ഗിറ്റാറിസ്റ്റ് " എന്ന് വിശേഷിപ്പിക്കപ്പെടുന്നു. റോക്ക് ആൻഡ് റോൾ ഹാൾ ഒഫ് ഫെയിമിൽ രണ്ടു തവണ ഇടംനേടിയ ജെഫ് എട്ട് ഗ്രാമി പുരസ്കാരങ്ങളും സ്വന്തമാക്കി.