സജീവൻ നടത്തിയ അരുംകൊല വെളിച്ചത്തുകൊണ്ടുവന്നത് പൊലീസിന്റെ ഒറ്റപ്രവൃത്തി, ഭാര്യയെ കൊന്നതിന് കാരണം ആ ഫോൺകോൾ, പഞ്ചായത്ത് മെമ്പറെ തുരത്തിയത് പട്ടിയെ അഴിച്ചുവിട്ട്

Friday 13 January 2023 6:46 AM IST

കൊച്ചി/വൈപ്പിൻ: ഒന്നരവർഷം മുമ്പ് ഭാര്യയെ കഴുത്തിൽ കയർമുറുക്കി കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചിട്ടു. കാമുകനൊപ്പം ഒളിച്ചോടിയെന്ന് മക്കളെയുൾപ്പെടെ വിശ്വസിപ്പിച്ചു. കുടുങ്ങാതിരിക്കാൻ,​ ഭാര്യയെ കാണാനില്ലെന്നു പറഞ്ഞ് പൊലീസിനെയും സമീപിച്ച വിരുതൻ ഭാര്യാസഹോദരന്റെ പരാതിയിൽ ഒടുവിൽ കുടുങ്ങി. വൈപ്പിൻ ദ്വീപിലെ വാച്ചാക്കലിൽ വാടകയ്ക്കുതാമസിക്കുന്ന എടവനക്കാട് കാട്ടുങ്ങൽച്ചിറ അറയ്ക്കപ്പറമ്പിൽ വീട്ടിൽ സജീവനാണ് (42) അറസ്റ്റിലായത്. നായരമ്പലം സ്വദേശി രമ്യയാണ്(38) കൊല്ലപ്പെട്ടത്. നാലു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രമ്യയുടെ അസ്ഥികൾ വാടകവീടിന്റെ വരാന്തയോട് ചേർന്നഭാഗം കുഴിച്ച് കണ്ടെടുത്തു. ഫോറൻസിക് പരിശോധനയ്ക്കായി ഇന്ന് കൈമാറും. രണ്ടാം വിവാഹത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു സജീവൻ.

2021 ആഗസ്റ്റ് 15ന് രാവിലെയായിരുന്നു കൊലപാതകമെന്ന് കരുതുന്നു. സജീവന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ രമ്യയുടെ സഹോദരൻ 2022 ഫെബ്രുവരിയിൽ ഞാറയ്ക്കൽ പൊലീസിൽ പരാതി നൽകി. തൊട്ടു പിന്നാലെയാണ് പരാതിയുമായി സജീവനുമെത്തിയത്. ഇയാളെ വിളിപ്പിച്ചപ്പോഴൊക്കെ പരസ്പരവിരുദ്ധ മറുപടിയാണ് നൽകിയത്. അന്വേഷണത്തിൽ കാര്യമായ താത്പര്യം കാണിച്ചതുമില്ല. തുടർന്ന് ഇയാളെ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു പൊലീസ്. നരബലിക്കേസിന് പിന്നാലെ മിസിംഗ് കേസുകളിൽ അന്വേഷണം മുറുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസത്തെ തുടർച്ചയായുള്ള ചോദ്യം ചെയ്യലിൽ പിടിച്ചുനിൽക്കാനാകാതെ അരുംകൊല വെളിപ്പെടുത്തി.

കൊല നടന്ന ദിവസം ഇവരുടെ രണ്ട് മക്കളും രമ്യയുടെ വീട്ടിലായിരുന്നു. അമ്മാവന് കൊവിഡ് ബാധിച്ചതിനാൽ ക്വാറന്റൈനിൽ പോവുകയായിരുന്നു. തിരിച്ചെത്തിയ മക്കളോട് അമ്മയ്ക്ക് ബംഗളൂരുവിൽ ജോലി കിട്ടിയെന്നും ട്രെയിനിംഗിനായി പോയയെന്നുമാണ് പറഞ്ഞത്. അമ്മയെ കാണണമെന്നും സംസാരിക്കണമെന്നും കുട്ടികൾ വാശിപിടിച്ചതോടെ, രമ്യ കാമുകനൊപ്പം ഒളിച്ചോടിയെന്ന നുണക്കഥ പറഞ്ഞുവിശ്വസിപ്പിച്ചു. അയൽവാസികളോട് രമ്യ വിദേശത്ത് പോയിരിക്കുകയാണെന്നാണ് പറഞ്ഞത്.

പ്രണയവിവാഹമായിരുന്നു ഇവരുടേത്. ഇതിന്റെ പേരിൽ ബന്ധുക്കളുമായി സ്വരച്ചേർച്ചയില്ലായിരുന്നു. മൂന്ന് വർഷം മുമ്പാണ് വാച്ചാക്കലിൽ വീടു വാടകയ്ക്കെടുത്ത് താമസം തുടങ്ങിയത്. രമ്യയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിന് പിന്നാലെ പഞ്ചായത്ത് അധികൃതർക്ക് പൊലീസ് അറിയിപ്പ് നൽകിയിരുന്നു. ഇക്കാര്യം അന്വേഷിക്കാൻ പഞ്ചായത്ത് അംഗമെത്തിയിരുന്നെങ്കിലും സജീവൻ പട്ടിയെ അഴിച്ചുവിട്ടിരിക്കുകയായിരുന്നു. പിന്നീട് സജീവനെക്കണ്ട് വിവരം തിരക്കിയപ്പോൾ രമ്യ വിദേശത്ത് പോയെന്ന മറുപടിയാണ് നൽകിയത്. പ്ളസ് വൺ വിദ്യാർത്ഥി സഞ്ജന, എട്ടാം ക്ളാസുകാരൻ സിദ്ധാർത്ഥ് എന്നിവരാണ് മക്കൾ.

ഫോൺവിളിത്തർക്കം കൊലയിലെത്തി

കൊലയ്ക്ക് വഴിവച്ചത് ഫോൺവിളികളെ ചൊല്ലിയുള്ള തർക്കമെന്നാണ് സജീവന്റെ മൊഴി. സംഭവദിവസം രാവിലെ ജോലിക്കായി ഇറങ്ങിയ സജീവൻ ഉടൻ തിരികെയെത്തുമ്പോൾ ഫോണിൽ സംസാരിക്കുകയായിരുന്നു രമ്യ. ഇതേച്ചൊല്ലി വാക്കുതർക്കമുണ്ടാകുകയും കയറുകൊണ്ട് രമ്യയുടെ കുഴുത്തുമുറുക്കി കൊല്ലുകയുമായിരുന്നു. രാത്രിവരെ മൃതദേഹം വീട്ടിൽ സൂക്ഷിച്ചു. പാതിരാത്രി വരാന്തയ്ക്ക് മുന്നിൽ കുഴിയെടുത്ത് മറവുചെയ്തു. ഇതേ വീട്ടിൽ തന്നെയാണ് കഴിഞ്ഞ ഒന്നരവർഷമായി ഇയാൾ മക്കൾക്കൊപ്പം താമസിച്ചിരുന്നത്.

Advertisement
Advertisement