സി പി എം സംസ്ഥാന സെക്രട്ടറിയേറ്റും എൽ ഡി എഫ് നേതൃയോഗവും ഇന്ന്: വിവാദ വിഷയങ്ങൾ ചർച്ചയായേക്കും
Friday 13 January 2023 8:56 AM IST
തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും. നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്ന് ആലപ്പുഴയിൽ അംഗങ്ങൾ പാർട്ടി വിട്ടു പോകുന്നതും ലഹരി മാഫിയ ബന്ധവുമടക്കം സെക്രട്ടറിയേറ്റിൽ ചർച്ചയാവുമെന്നാണ് കരുതുന്നത്. ജില്ലയിലെ പാർട്ടിയിൽ നിലനിൽക്കുന്ന പ്രശ്നം ഇതിനകം നേതൃത്വത്തിന് തലവേദനായി തീർന്നിട്ടുണ്ട്. അതിനാൽ കൂടുതൽ തിരുത്തൽ നടപടികളിലേക്ക് നീങ്ങാൻ സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകിയേക്കും.
അതേസമയം എൽഡിഎഫ് നേതൃയോഗവും ഇന്ന് ചേരും. വൈകിട്ട് മൂന്ന് മണിക്ക് എകെജി സെന്ററിലാണ് യോഗം ചേരുന്നത്. സംസ്ഥാന വികസനത്തിനായി തയാറാക്കിയ മാർഗ രേഖയാകും പ്രധാന അജണ്ട. ബഫർ സോണുമായി ബന്ധപ്പെട്ട ആശങ്കകളും യോഗത്തിൽ ഉയർന്നേക്കുമെന്നാണ് കരുതുന്നത്.