ഇരുപതോളം വിദ്യാർത്ഥികളെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ; പിടിയിലായത് മലപ്പുറം സ്വദേശി ഫൈസൽ

Friday 13 January 2023 10:34 AM IST

കണ്ണൂർ: ഇരുപതോളം യു പി സ്‌കൂൾ വിദ്യാർത്ഥികളെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസലാണ് (52) പിടിയിലായത്. തളിപ്പറമ്പ് പൊലീസാണ് അദ്ധ്യാപകനെ പിടികൂടിയത്. പഠിപ്പിക്കുന്ന സമയത്ത് അദ്ധ്യാപകൻ മോശമായി പെരുമാറിയെന്ന കുട്ടികളുടെ പരാതിയിലാണ് അറസ്റ്റ്.

സ്‌കൂൾ കൗൺസിലറോടാണ് വിദ്യാർത്ഥികൾ പീഡന വിവരം പറഞ്ഞത്. തുടർന്ന് കൗൺസിലറും സ്‌കൂൾ അധികൃതരും ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു.ഇരുപതോളം കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെങ്കിലും അഞ്ച് വിദ്യാർത്ഥികൾ മാത്രമാണ് രേഖാമൂലം പരാതി നൽകിയതെന്നാണ് വിവരം.

അദ്ധ്യാപകനെ ഇന്നലെയാണ് പിടികൂടിയത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഹയർസെക്കൻഡറി സ്‌കൂളിൽ കഴിഞ്ഞ നാല് വർഷമായി യു പി വിഭാഗം അദ്ധ്യാപകനായിരുന്നു ഫൈസൽ. പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വിദ്യാർത്ഥികൾക്ക് കൂടുതൽ കൗൺസിലിംഗ് നൽകുമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.