ഊട്ടുപുരയിലും ജാതി വിളമ്പുന്നവർ

Saturday 14 January 2023 12:00 AM IST

കാൽനൂറ്റാണ്ടിലേറെയായി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ വിധികർത്താവായും യുവജനോത്സവ മാനുവൽ കമ്മിറ്റി വിദഗ്ദ്ധാംഗമായും സുവനീർ ചീഫ് എഡിറ്ററായും സഹയാത്രികനായിട്ടുണ്ട്. അമ്പി സ്വാമി മുതൽ പഴയിടം വരെയുള്ളവരുടെ കൈപുണ്യവും രുചിവിശേഷങ്ങളും അനുഭവിച്ചിട്ടുമുണ്ട്. ഇക്കുറി കോഴിക്കോട്ട് നടന്ന സ്കൂൾ യുവജനോത്സവം താരതമ്യേന പിഴവുകളും വിവാദങ്ങളുമില്ലാതെ സമാപനവേദിയിൽ വരെ എത്തി. ഒടുവിൽ മുഖ്യകാർമ്മികനായ വിദ്യാഭ്യാസമന്ത്രി തന്നെ വിവാദങ്ങൾക്ക് തിരികൊളുത്തി. ഒരു പ്രകോപനവുമില്ലാതെ മന്ത്രി ഒരു പ്രഖ്യാപനം നടത്തി എല്ലാവരെയും ഞെട്ടിച്ചു. അടുത്തവർഷം മുതൽ മാംസാഹാരം വിളമ്പുമെന്ന വിപ്ളവകരമായ തീരുമാനം മന്ത്രിയുടെ തിരുവായിൽനിന്നുതന്നെ ഉതിർന്നു. ഇതിന് മുമ്പും പല വിദ്യാഭ്യാസമന്ത്രിമാരും യുവജനോത്സവത്തെ മെച്ചപ്പെടുത്താൻ ഉതകുന്ന ആഹ്ളാദകരമായ പല തീരുമാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ആരും ആവശ്യപ്പെടാതെ സുഗമമായി, പരാതികളില്ലാതെ പോകുന്ന ഉൗട്ടുപുരയിൽ, അടുത്ത തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ജാതി വിളമ്പാൻ കാട്ടിയ അനൗചിത്യം വിവാദങ്ങൾക്ക് ചൂടു പകർന്നു. സ്ഥിരം പ്രതികരണ വേദിക്കാർക്ക് ഇരിക്കപ്പൊറുതി ഇല്ലാതായിട്ട് അഞ്ചാറുവർഷമായി. ഇടതുപക്ഷം ഭരണത്തിലേറിയാൽ വായിൽ പ്ളാസ്റ്ററൊട്ടിച്ചു നടക്കുന്ന സഹയാത്രികരും ബുദ്ധിജീവികളും പുരോഗമനം പറയാൻ തക്കം നോക്കി ഇരിക്കയായിരുന്നു. എണ്ണയിട്ട യന്ത്രംപോലെ കാര്യമായ പിഴവുകളില്ലാതെ വലിയ ജനപങ്കാളിത്തത്തോടെ യുവജനോത്സവം സമാപിക്കുമായിരുന്നു. അപ്പോഴാണ് അശോകൻ ചരുവിൽ ഒരു ബോംബ് പൊട്ടിച്ചത്. പഴയിടം നമ്പൂതിരിയുടെ പാചകവും സസ്യാഹാരവും നവോത്ഥാനത്തിന് പിടിക്കില്ലത്രെ. ബ്രാഹ്മിൻസ് സാമ്പാർ പരസ്യം ദേശാഭിമാനിയിൽ കത്തിക്കയറുന്നതിന് കുഴപ്പമില്ല. ദിനംപ്രതി മാംസാഹാരം കഴിച്ച് ആശുപത്രിയിലാവുന്നവരുടെ വാർത്തകളും മാദ്ധ്യമങ്ങൾ പൊലിപ്പിക്കട്ടെ.

സ്കൂൾ യൂണിഫോമിലും സ്വാഗതഗാനത്തിലും ഉൗട്ടുപുരയിലുമൊക്കെ ജാതി പറയുന്നതാണ് പുരോഗമനം എന്നായിരിക്കുന്നു. മതേതര ജനാധിപത്യം കൊടിയടയാളമാക്കിയവർക്കും സർവതിലും ജാതി പറയുന്നതായി ഫാഷൻ. അടുക്കള തന്നെ ഭയപ്പെടുത്തുന്നതായി പഴയിടം പറയുമ്പോൾ ഭക്ഷണ രുചിക്കപ്പുറം ചില രാഷ്ട്രീയ ദുഷ്ടലാക്കുകൾ കേരളം അറിയുന്നുണ്ട്. കോഴിക്കോട്ടെ യുവജനോത്സവം നല്കുന്ന രാഷ്ട്രീയ സന്ദേശം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ഉൗട്ടുപുരയിലും ജാതി വിളമ്പുമെന്നുള്ളതാണ്. സ്വരം നന്നായിരിക്കുമ്പോഴേ പഴയിടം പിൻവാങ്ങിയത് നന്നായി. വരാനിരിക്കുന്ന വിപത്തുകൾ വഴിയിൽ തങ്ങില്ലല്ലോ?

Advertisement
Advertisement