മംഗലപുരത്ത് പൊലീസിന് നേരെ നാടൻ ബോംബേറ്  മഴുവിന് വെട്ടാനും ശ്രമം

Saturday 14 January 2023 1:45 AM IST

കഴക്കൂട്ടം: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് അവശനാക്കിയ സഹോദരങ്ങളുൾപ്പെട്ട ഗുണ്ടാസംഘത്തെ പിടികൂടാനെത്തിയ പൊലീസുകാർക്ക് നേരെ നാടൻ ബോംബേറ്. ബോംബേറിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട പൊലീസുകാരെ ഗുണ്ടകളുടെ അമ്മ മഴുവിന് വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചു. ബോംബെറിഞ്ഞ ഗുണ്ടയും മഴുപ്രയോഗിച്ച അമ്മയും അറസ്റ്റിലായി. മംഗലപുരം പാച്ചിറ ഷെഫീക്ക് മൻസിൽ ഷീജ (44), മകൻ ഷെമീർ (23) എന്നിവരാണ് അറസ്റ്റിലായത്. ഷെമീറിന്റെ സഹോദരൻ ഷെഫീക്ക് (25) പൊലീസിനെ വെട്ടിച്ച് ഓടിരക്ഷപ്പെട്ടു. മംഗലപുരം സ്റ്രേഷനിൽ കസ്റ്റഡിയിൽ കഴിയുന്നതിനിടെ നാക്കിനടിയിൽ ഒളിപ്പിച്ചിരുന്ന ബ്ളേഡ് കഷണം ഉപയോഗിച്ച് കഴുത്തിൽ മുറിവുണ്ടാക്കി ആത്മഹത്യാശ്രമം നടത്തിയ ഷെമീറിനെ പൊലീസ് കാവലിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു നാടകീയ സംഭവവികാസങ്ങൾ അരങ്ങേറിയത്. സംഭവത്തെപറ്റി പൊലീസ് പറയുന്നതിങ്ങനെ- സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് രണ്ടുദിവസം മുമ്പ് പുത്തൻതോപ്പ് സ്വദേശിയായ നിഖിൽ റോബർട്ടിനെ ഷെമീറും ഷെഫീക്കും ഉൾപ്പെടുന്ന 11 അംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് വഴിയിൽ തള്ളി. അവശനായ നിഖിൽ ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് ഷെഫീക്കിനെയും ഷെമീറിനെയും തേടി മംഗലപുരം പാച്ചിറയിലെ വീട്ടിലെത്തി. പൊലീസ് എത്തിയ ഉടൻ വീട്ടിനുള്ളിൽ നിന്ന് നാടൻ ബോംബ് വലിച്ചെറിയുകയായിരുന്നു. നാടൻ ബോംബ് പൊട്ടാതിരുന്നതിനാൽ പൊലീസുകാർ രക്ഷപ്പെട്ടു. ഇതിനിടെയാണ് ഷീജ മഴുവുമായി പൊലീസിനെ വെട്ടാൻ ശ്രമിച്ചത്. പൊലീസുകാർ ഒഴിഞ്ഞുമാറിയതിനാലാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇതോടെ പ്രതികൾ പൊലീസിനെ വെട്ടിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന പൊലീസ് ഷെമീറിനെ പിടികൂടുകയും ഷീജയെ അറസ്റ്റു ചെയ്യുകയുമായിരുന്നു. മഴുവും കസ്റ്റഡ‌ിയിലെടുത്തു. ഇവരെ സ്റ്റേഷനിൽ കൊണ്ടുവന്നയുടനാണ് ഷെമീർ ആത്മഹത്യക്കൊരുങ്ങിയത്. ഷെമീറിനെ ലോക്കപ്പിലാക്കുന്നതിന് മുമ്പ് ദേഹപരിശോധന നടത്തിയെങ്കിലും നാക്കിനടിയിൽ ഒളിപ്പിച്ചിരുന്ന ബ്ളേഡിന്റെ കഷ്ണം ശ്രദ്ധയിൽപ്പെട്ടില്ല. നിഖിൽ റോബർട്ടിനെ മർദ്ദിച്ചകേസിലെ മറ്റ് പ്രതികൾ ഒളിവിലാണ്. ജോലി തടസപ്പെടുത്തിയതിനും പൊലീസുകാരെ വധിക്കാൻ ശ്രമിച്ചതിനും പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഷീജയെ റിമാൻഡ് ചെയ്തു.

Advertisement
Advertisement