സുനിത കൊലക്കേസ് ; പ്രതി കുറ്റക്കാരനെന്ന് കോടതി

Saturday 14 January 2023 1:13 AM IST

തിരുവനന്തപുരം: ആനാട് സ്വദേശി സുനിതയെ മണ്ണെണ്ണയൊഴിച്ച് ചുട്ടുകൊന്നശേഷം സെപ്റ്റിക് ടാങ്കിൽ തള്ളിയ കേസിൽ ഭർത്താവ് ആനാട് തവലോട്ടുകോണം നാലുസെന്റ് കോളനി ജീനാഭവനിൽ ജോയ് എന്ന ജോയ് ആന്റണി കുറ്റക്കാരനെന്ന് കോടതി. ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി കെ.വിഷ്‌ണുവാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ 17ന് വിധിക്കും.

കൊല്ലപ്പെട്ടത് സുനിതയാണെന്ന് ശാസ്ത്രീയ തെളിവുകളും സാഹചര്യങ്ങളും മുൻ നിറുത്തിയുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണിത്. സുനിത കൊല്ലപ്പെട്ടിട്ടില്ലെന്നും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. അന്വേഷണത്തിന്റെ ബാലപാഠം പോലും അറിയാത്ത പൊലീസ് ഉദ്യോഗസ്ഥരാണ് കേസന്വേഷണം നടത്തിയതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കോടതിയിൽ കുറ്റപത്രം നൽകുമ്പോൾ കൊല്ലപ്പെട്ടത് സുനിതയാണെന്ന് സ്ഥാപിക്കാനുള്ള ശാസ്ത്രീയ തെളിവുകളൊന്നും പൊലീസ് ഹാജരാക്കിയിരുന്നില്ല.

വിചാരണയ്‌ക്കിടെ പ്രോസിക്യൂഷൻ ആവശ്യപ്രകാരം മക്കളുടെ രക്തസാമ്പിളെടുത്ത് ഫോറൻസിക് ലാബിലുണ്ടായിരുന്ന സുനിതയുടെ മൃതദേഹാവശിഷ്ടവുമായി ഡി.എൻ.എ പരിശോധന നടത്തിയാണ് ഒമ്പത് വർഷങ്ങൾക്കുശേഷം കൊല്ലപ്പെട്ടത് സുനിതയാണെന്ന് തെളിയിക്കാനായതെന്ന് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. പൊലീസിന്റെ ഗുരുതര വീഴ്‌ചയെ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി. ദൃക്‌സാക്ഷികൾ ആരുമില്ലാതിരുന്ന കേസിൽ ശാസ്ത്രീയ തെളിവുകളാണ് പ്രോസിക്യൂഷൻ കൂടുതലായി ആശ്രയിച്ചത്.

പ്രതി മണ്ണെണ്ണ ഒഴിച്ച് കത്തിക്കുമ്പോൾ സുനിതയ്‌ക്ക് ജീവനുണ്ടായിരുന്നതായി പോസ്റ്റുമോർട്ടം നടത്തിയ മുൻ ഫോറൻസിക് വിദഗ്ദ്ധ ഡോ. ശ്രീകുമാരി കോടതിയിൽ മൊഴി നൽകിയിരുന്നു. കേസിൽ ശാസ്ത്രീയ തെളിവുകൾക്ക് കൂടുതൽ ബലം നൽകിയതും ഈ മൊഴിയായിരുന്നു. കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങളിലും പ്രതി സുനിതയെ അടിക്കാനുപയോഗിച്ച മൺവെട്ടിക്കൈയിലും മണ്ണെണ്ണയുടെ സാന്നിദ്ധ്യമുണ്ടെന്ന ഫോറൻസിക് ലാബിലെ അസിസ്റ്റന്റ് ഡയറക്ടർ കെ.വി. ശ്രീവിദ്യയുടെ മൊഴിയും പ്രോസിക്യൂഷന് ഏറെ ഗുണകരമായി.
2013 ആഗസ്റ്റ് മൂന്നിന് പ്രതി സുനിതയെ മൺവെട്ടിക്കൈകൊണ്ട് അടിച്ച് ബോധരഹിതയാക്കിയ ശേഷം മണ്ണെണ്ണ ഒഴിച്ച് ചുട്ടുകൊന്നെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.

കൊല്ലപ്പെട്ട സുനിത പ്രതിയുടെ മൂന്നാം ഭാര്യയായിരുന്നു. സ്ത്രീധനക്കൂടുതലിനായി മറ്റൊരു വിവാഹം കഴിക്കാനാണ് കൊലപാതകമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. സുനിത കൊല്ലപ്പെട്ട ശേഷം പ്രതി നാലാമതും വിവാഹിതനായിരുന്നു. സുനിത കൊല്ലപ്പെടുമ്പോൾ മൂന്നാം ക്ലാസിലും നഴ്സറിയിലുമായിരുന്ന മക്കൾ കേസിലെ നിർണായക സാക്ഷികളായി. പ്രോസിക്യൂഷനുവേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ, ദീപ വിശ്വനാഥ്, വിനു മുരളി, തുഷാര രാജേഷ് എന്നിവർ ഹാജരായി.

Advertisement
Advertisement