കരിക്കകത്തെ പാലം മാർച്ചിൽ ഗതാഗതത്തിനായി തുറക്കും

Saturday 14 January 2023 12:02 AM IST

തിരുവനന്തപുരം: ദേശീയ ജലപാതയോട് അനുബന്ധിച്ച് പാർവതി പുത്തനാറിനു കുറുകെ കരിക്കകത്ത് നിർമ്മിക്കുന്ന ലിഫ്റ്റ് ബ്രിഡ്ജ് മാർച്ചിൽ ഗതാഗതത്തിനായി തുറക്കും. നിലവിൽ 80 ശതമാനം പണികളും പൂർത്തിയാക്കി. ഇനി പാലം ഉയർത്തുന്ന ഹൈഡ്രോളിക്ക് സംവിധാനത്തിന്റെ ജോലികളാണ് നടത്തേണ്ടത്. ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തിലാണ് ജോലികൾ നടക്കുന്നത്. കെല്ലിനാണ് ജോലികൾ ചെയ്യാനുള്ള കരാർ കൊടുത്തിരിക്കുന്നത്. നിലവിൽ ഭൂമി ഏറ്റെടുക്കുന്നതിലെ താമസം ജോലികൾക്ക് തടസം സൃഷ്ടിക്കുന്നുണ്ട്. കരിക്കകം ക്ഷേത്രം ആരംഭിക്കുന്നിടത്തുള്ള കുറച്ച് സ്ഥലംകൂടി ഏറ്റെടുത്താലേ പാലം ഡിസൈൻ അനുസരിച്ച് പൂർത്തിയാകു. ഏറ്റെടുക്കുന്ന സ്ഥലത്ത് നിലവിൽ രണ്ടുവീടുകളുണ്ട്. ഇത് ഏറ്റെടുക്കുന്ന റവന്യൂ നടപടികളിലാണ് താമസം നേരിടുന്നത്. എന്നിരുന്നാലും പാലം ഗതാഗതയോഗ്യത്തിനായി മാർച്ചിൽ തുറക്കാനാകുമെന്നാണ് അധികൃതർ ഫറയുന്നത്.

 ലിഫ്റ്റ് ബ്രിഡ്ജ്

ദേശീയ ജലപാത യാഥാർത്ഥ്യമാകുമ്പോൾ ബോട്ടുകളുടെ സഞ്ചാരത്തിന് തടസമുണ്ടാകാതിരിക്കാൻ ഉയർത്താൻ കഴിയുന്നതാണ് ലിഫ്റ്റ് ബ്രിഡ്ജ്. പാലം 2.8 കോടി രൂപ ചെലവഴിച്ചാണ് ഇരുമ്പ് പാലം നിർമ്മിക്കുന്നത്. 4.5 മീറ്റർ വീതിയാണുള്ളത്. ബോട്ടുകൾ വരുമ്പോൾ പാലം 5 മീറ്റർ വരെ ഉയർത്താനാകും. വൈദ്യുതിയിലാണ് നിയന്ത്രിക്കുന്നത്. പാലത്തിനോട് അനുബന്ധിച്ച് ഓപ്പറേറ്രിംഗ് റൂമും ജനറേറ്ററും സ്ഥാപിക്കും.

Advertisement
Advertisement