വഴിയോരങ്ങളിൽ ഡ്രാഗനാണ് താരം.

Sunday 15 January 2023 1:24 AM IST

കോട്ടയം . പിങ്ക് നിറവും മുട്ടയുടെ ആകൃതിയും ചെതുമ്പൽ പോലെ തൊലിയുമുള്ള ഡ്രാഗൺ ഫ്രൂട്ട് അഥവാ പിത്തായപ്പഴമാണ് ഇപ്പോൾ വഴിയോരങ്ങളിലെ താരം. കള്ളിച്ചെടികളെപ്പോലെ ഇലകളില്ലാതെ പറ്റിപ്പിടിച്ചു വളരുന്ന ചെടിയാണിത്. പഴം കഴിക്കുമ്പോൾ പ്രത്യേക രുചിയില്ല, സാലഡ്, മിൽക്ക് ഷെയ്ക്ക് എന്നിവയ്ക്കാണ് കൂടതൽ ഉപയോഗിക്കുന്നത്. ഉള്ളിലെ മാംസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യം. പഴം മുറിച്ചാൽ ഉള്ളിൽ നല്ല വെള്ള നിറമാണ്. മഞ്ഞ,വയലറ്റ്, വെള്ള, ചുവപ്പ് നിറങ്ങളുള്ളവ ലഭ്യമാണ്. നിലവിൽ വെള്ള ഡ്രാഗൺ ഫ്രൂട്ടാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിൽ മറ്റുള്ളവയും ലഭ്യമാകുമെന്ന് വ്യാപാരികൾ പറയുന്നു. വഴിയോരത്ത് 180 രൂപയാണ് വില. ഒരു കായ്ക്ക് അരക്കിലോയോളം തൂക്കമുണ്ടാകും.

ഇപ്പോൾ കൃഷി കേരളത്തിലും.

ഇന്തോനേഷ്യ, വിയറ്റ്‌നാം, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതലായി കൃഷി ചെയ്യുന്നത്. ഇപ്പോൾ തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ട, മൂവാറ്റുപുഴ, പാലോട്, പെരുമ്പാവൂർ, കണ്ണൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിൽ കൃഷിയുണ്ട്. വർഷത്തിൽ രണ്ടരമാസമാണ് നാട്ടിൽ ഇവയുടെ സീസൺ. ജനുവരി ആദ്യം മുതൽ മാർച്ച് ആദ്യം വരെ.

ആരോഗ്യഗുണങ്ങൾ ഇവ.

പ്രമേഹ രോഗികൾക്ക് കഴിക്കാം. വൈറ്റമിൻ സി, അയൺ പോഷകങ്ങൾ. മഗ്‌നേഷ്യം മസിൽ വളർച്ചയ്ക്ക് സഹായിക്കും. രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന ഘടകങ്ങൾ. കൊളസ്‌ട്രോളും അമിതഭാരവും കുറയ്ക്കും. ആന്റി ഓക്‌സിഡന്റുകൾ ധാരാളമുണ്ട്.

വ്യാപാരി സോബിൻ പറയുന്നു.

കൊവിഡ് മൂലം കഴിഞ്ഞ വർഷം വിപണി ലഭിച്ചില്ല. ഇത്തവണ സ്ഥിതി മാറിയിട്ടുണ്ട്. സീസണായതിനാൽ ധാരാളം പേർ മേടിക്കാനെത്തുന്നുണ്ട്.