ജോഷിമഠിലെ  ഭൂരിഭാഗം പ്രദേശങ്ങളും ഇടിഞ്ഞുതാഴും,​ ഐ എസ് ആർ ഒ റിപ്പോർട്ടിൽ സർക്കാരിന് അതൃപ്തി, പിൻവലിച്ചു

Saturday 14 January 2023 8:33 PM IST

ന്യൂഡൽഹി : ഉത്തരഖണ്ഡിലെ ജോഷിമഠിലെ ഭൂരിഭാഗം പ്രദേശങ്ങളും ഇടിഞ്ഞു താഴുമെന്ന ഐ.എസ്.ആർ.ഒയുടെ റിപ്പോർട്ട് പിൻവലിച്ചു. സർക്കാരിന്റെ അതൃപ്തിയെ തുടർന്നാണ് റിപ്പോർട്ട് പിൻവലിച്ചതെന്നാണ് സൂചന. അതേസമയം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിനാലാണ് റിപ്പോർട്ട് വെബ്സൈറ്റിൽ നിന്ന് നീക്കിയതെന്നാണ് ഐ.എസ്.ആർ.ഒയുടെ വിശദീകരണം,​ ഒഴിപ്പിക്കൽ നടപടി തുടരുന്നതിനിടെ ആശങ്ക വർദ്ധിപ്പിക്കുന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിൽ സർക്കാർ അതൃപ്ചതി അറിയിച്ചിരുന്നു.

ഡിസംബർ 27നും ജനുവരി 8നുമിടയിൽ 12 ദിവസത്തിനിടെ ജോഷിമഠ് 5.4 സെന്റിമീറ്റർ താഴ്ന്നതായാണ് ഐ.എസ്.ആർ,​ഒ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്,​ ഇടിഞ്ഞുതാഴലിന്റെ വേഗം വർദ്ധിക്കുന്നതായും ഐ.എസ്.ആർ.ഒ മുന്നറിയിപ്പു നൽകിയിരുന്നു. 2022 ഏപ്രിലിനും നവംബറിനിടയിൽ ഏഴുമാസത്തിനിടെ ഒമ്പത് സെന്റമീറ്ററാണ് താഴ്ന്നത്. എന്നാൽ കഴിഞ്ഞ 12 ദിവസത്തിനിടെ ഇടിഞ്ഞുതാഴലിന് വേഗത കൂടി. പത്തുമാസത്തിനിടെ ആകെ 14.4 സെന്റിമീറ്റർ ഭൂമി ഇടിഞ്ഞു താഴ്ന്നതായും ഐ,​എസ്.ആർ.ഒ വ്യക്തമാക്കിയിരുന്നു,​. സാറ്റലൈറ്റ് ചിത്രങ്ങൾ സഹിതമായിരുന്നു ഐ,​എസ്.ആർ.ഒയുടെ റിപ്പോർട്ട്.

അതേസമയം ഐ.എസ്.ആർ.ഒ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അപകട സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റുന്നതിന് ഉത്തരഖണ്ഡ് സ‌ർക്കാർ നടപടി തുടങ്ങിയിട്ടുണ്ട്.