കുടിവെള്ളം മുട്ടി. കൃഷി നശിച്ചു; വെള്ളക്കെട്ടിൽ ഗതി കെട്ട് മങ്ങാട്

Saturday 14 January 2023 10:12 PM IST

തലശ്ശേരി: നാല് ഹെക്ടറോളം വിസ്തൃതിയുള്ള മങ്ങാട് നീർത്തടം മുഴപ്പിലങ്ങാട് അഴിയൂർ ബൈപ്പാസിനായി മുറിച്ചതിന്റെ ദുരിതഫലം അനുഭവിച്ച് മങ്ങാട് പ്രദേശം. മയ്യഴിപ്പുഴയിലെ പാലത്തിന് മുമ്പുള്ള എംബാങ്ക്‌മെന്റ് ബൈപ്പാസിനായി മുറിച്ചതോടെ കിണറുകൾ ഉപയോഗശൂന്യമായും തെങ്ങുകൾ കരിഞ്ഞുണങ്ങിയും മാലിന്യം കലർന്നും ഗതിമുട്ടി നിൽക്കുകയാണ് ഇവിടുത്തുകാർ.
ഹൈവേക്ക് പടിഞ്ഞാറുനിന്നും പള്ളൂർ, മാങ്ങാട്,മാങ്ങോട് ദേശങ്ങളിൽ നിന്നും, കിഴക്ക് ചൊക്ലി പഞ്ചായത്തിലെ കവിയൂരിൽ നിന്നും ഒഴുകിയെത്തുന്ന മഴവെള്ളം മങ്ങാട് തോടിലൂടെ മയ്യഴിപ്പുഴയോരത്തെ വിശാലമായ തണ്ണീർത്തടത്തിൽ സംഭരിക്കാറാണ് പതിവ്. ഹൈവേക്ക് കുറുകെ അടിയിൽ പണിത അസംഖ്യം കോൺക്രീറ്റ് ഓവുകൾ ഹൈവേക്ക് സമാന്തരമായി പണിത തോടിലൂടെ പഴയ മങ്ങാട് തോടുമായി ബന്ധിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്.
നിർമ്മാണം തുടങ്ങിയ ശേഷം കഴിഞ്ഞ നാലു വർഷങ്ങളിലായി ആവർത്തിച്ചുണ്ടായ വെള്ളക്കെട്ടിൽ പ്രദേശത്തെ ശുദ്ധജലം ലഭ്യമായിരുന്ന വീട്ടു കിണറുകൾ കലക്കുവെള്ള സംഭരണികളായി.താഴ്ന്ന പ്രദേശങ്ങളിലെ തെങ്ങിൻ തോപ്പുകൾ കരിഞ്ഞ് പൂർണ്ണമായും നശിച്ചു. എൺപതു ശതമാനം കിണറുകളിലും ഇക്കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം പരിധി കടന്നതായി ഗ്രീൻ കേരള മിഷൻ കണ്ടെത്തി ന്യൂമാഹി പഞ്ചായത്തിനെ അറിയിച്ചിരുന്നു. എന്നാൽ താൽക്കാലികചാലുകൾ കീറി വെള്ളക്കെട്ടൊഴിവാക്കുകയാണ് ഇപ്പോഴത്തെ പരിഹാരം.നിർമ്മാണം പൂർത്തിയാവുമ്പോൾ എല്ലാം പരിഹരിക്കപ്പെടുമെന്നാണ് അധികൃതരുടെ ഉറപ്പ്. എന്നാൽ പ്രവൃത്തി അവസാനഘട്ടത്തിലെത്തിയിട്ടും പ്രശ്നം പരിഹരിക്കപ്പെടില്ലെന്നാണ് സൂചന.
എന്നാൽ ഇതിനായി നിർമ്മിച്ച തോടുകൾ ആവശ്യത്തിന് ഉതകില്ലെന്നാണ് നാട്ടുകാരുടെ പരാതി. മുന്നൂറ് മീറ്റർ ദൂരം കഴിഞ്ഞാൽ വെള്ളക്കെട്ട് എവിടേക്ക് തിരിയുമെന്ന കാര്യത്തിലും ഇപ്പോൾ തീർച്ചയില്ല. ഈ ഭാഗം വരെ മാത്രമെ പുനർനിർമ്മിക്കുകയുള്ളുവെന്നതാണ് പ്രശ്നം. ബാക്കി ഭാഗത്ത് തോട് ഒരുക്കേണ്ട ചുമതല ആരുടേതാണെന്ന കാര്യത്തിലാണ് വ്യക്തതയില്ലാത്തത്.

'ജില്ലാ കളക്ടറുടെ ശ്രദ്ധയിൽ ദേശവാസികൾ ഇക്കാര്യം പെടുത്തിയിട്ടുണ്ട്..കഴിഞ്ഞ നാലു വർഷമായി ബന്ധപ്പെട്ട അധികാരികളെയും പഞ്ചായത്തിനെയും മങ്ങാട് പ്രശ്നത്തിന്റ ഗൗരവാവസ്ഥ നിരന്തരമായി ബൊധ്യപ്പെടുത്തിക്കൊണ്ടിരുന്നു' യാതൊരു നടപടിയുമുണ്ടായില്ല'
വിജയൻ കൈനാടത്ത്
മയ്യഴിപ്പുഴ സംരക്ഷണ സമിതി

'ഒരു നാടാകെ വെള്ളക്കെട്ടിൽ ദുരിതമനുഭവിക്കുന്ന സാഹചര്യമൊഴിവാക്കാൻ
കളക്ടറെ കണ്ട് വിദഗ്ദ്ധരുടെ സ്ഥലസന്ദർശനം ആവശ്യപ്പെട്ട് വീണ്ടും നിവേദനം നൽകിയിട്ടുണ്ട്, '
കെ.ഇ.സുലോചന,
പരിസ്ഥിതി പ്രവർത്തക

Advertisement
Advertisement