പൊലീസിന് നേരെ നാടൻ ബോംബേറ്; പ്രതികളിൽ ഒരാൾ കൂടി പിടിയിൽ
കഴക്കൂട്ടം: യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച കേസിൽ സഹോദരങ്ങളുൾപ്പെടെയുള്ള പ്രതികളെ പിടികൂടാനെത്തിയ പൊലീസിനു നേരെ നാടൻ ബോംബെറിഞ്ഞ സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. 11 അംഗം സംഘത്തിലുള്ള പാറശാല സ്വദേശി അശ്വിനാണ് അറസ്റ്റിലായത്. മറ്റുള്ളവർക്കായി തെരച്ചിൽ ഊർജിതമാക്കിയതായി മംഗലപുരം എസ്.എച്ച്.ഒ സജീഷ് അറിയിച്ചു. പാച്ചിറ ഷെഫീക്ക് മൻസിലിൽ സഹോദരങ്ങളായ ഷഫീക്ക്, ഷെമീർ എന്നിവരുൾപ്പെട്ട സംഘത്തെ പിടികൂടാനെത്തിയ പൊലീസിനു നേരെയാണ് നാടൻ ബോംബെറിഞ്ഞത്. ഷെമീറിനെയും പൊലീസിനെ ആക്രമിച്ച ഇവരുടെ മതാവ് ഷീജയെയും പൊലീസ് കസ്റ്റഡിയെലെടുത്തിരുന്നു. മൂന്നുദിവസം മുമ്പ് പുത്തൻതോപ്പ് സ്വദേശിയെ തട്ടികൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഷെമീറിനെയും ഷെഫീക്കിനെയും തേടി എത്തിയ മംഗലപുരം പൊലീസിന് നേരെയാണ് നാടൻ ബോംബേറുണ്ടായത്. സംഭവത്തിൽ ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഫോറൻസിക്കും ഇന്നലെ പാച്ചിറയിലെത്തി തെളിവുകൾ ശേഖരിച്ചു.