1001 കതിനവെടികൾ മുഴങ്ങി: കൊടുങ്ങല്ലൂർ താലപ്പൊലിക്ക് തുടക്കം
Saturday 14 January 2023 10:20 PM IST
കൊടുങ്ങല്ലൂർ : കാവിൽ 1001 കതിനകൾ മുഴങ്ങിയതോടെ കൊടുങ്ങല്ലൂർ താലപ്പൊലി മഹോത്സവത്തിന് തുടക്കം. മകര സംക്രമ ദിനമായ ശനിയാഴ്ച സന്ധ്യക്കാണ് കതിനകൾ മുഴങ്ങിയത്. ഇനി നാലുനാൾ കൊടുങ്ങല്ലൂർ കാവ് ഉത്സവ ഭരിതമാകും. ഒന്നാം താലപ്പൊലി നാളായ ഞായറാഴ്ച രാവിലെ ആടിനെ നട തള്ളലും, സവാസിനി പൂജയും നടക്കും. ഉച്ചയ്ക്ക് ഒന്നിന് തെക്കേ നടയിലെ കുരുംബാമ്മയുടെ നടയിൽ നിന്ന് എഴുന്നള്ളിപ്പ് ആരംഭിക്കും. അന്നമനട മുരളീധര മാരാരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യം അകമ്പടിയേകുന്ന എഴുന്നള്ളിപ്പിൽ ആദ്യം മൂന്നാനകൾ അണിനിരക്കും. തുടർന്ന് എഴുന്നള്ളിപ്പിൽ ഒമ്പതാനകൾ ചേരുമ്പോൾ ചേരാനല്ലൂർ ശങ്കരൻ കുട്ടി മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം കൊട്ടി കയറും. വൈകീട്ട് ആറിന് വെടിക്കെട്ടും കലാപരിപാടികളും ഉണ്ടാകും.