പാറശാല താലൂക്ക് ആശുപത്രിയിൽ ജീവനക്കാരനു നേരെ ആക്രമണം

Sunday 15 January 2023 2:21 AM IST

പാറശാല: പാറശാല താലൂക്ക് ഹെഡ്‍ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ നഴ്സിംഗ് അസിസ്റ്റന്റിന് പരിക്കേറ്റു. ചെങ്കൽ സ്വദേശി ഹരികുമാരൻ നായർക്കാണ് (54) പരിക്കേറ്റത്. ആശുപത്രിയിൽ രോഗിയുമായെത്തിയ മൂന്നുപേർ ചേർന്നാണ് മർദ്ദിച്ചത്. പരിക്കേറ്റ ഹരികുമാരൻ ഇപ്പോൾ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയുടെയും മകന്റെയും മുറിവുകൾ ഡ്രസ് ചെയ്യിക്കാൻ എത്തിച്ചപ്പോൾ നഴ്സിംഗ് അസിസ്റ്രന്റ് ഇല്ലാതിരുന്നതാണ് വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിച്ചത്. സംഘർഷത്തിനിടെ അക്രമികൾ ഡ്രസ്സിംഗ് റൂം തല്ലിത്തക‌ർത്ത ശേഷം ഓടിരക്ഷപ്പെട്ടു. ആശുപത്രി അധികൃതർ പരാതിപ്പെട്ടതിനെ തുടർന്ന് പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചു.