തമിഴ്നാട് ഗവർണറോട് കാശ്മീരിലേയ്ക്ക് കടക്കാൻ പരാമർശം; ശിവാജി കൃഷ്ണമൂർത്തിയെ സസ്പെൻഡ് ചെയ്തതായി ഡിഎംകെ

Saturday 14 January 2023 10:23 PM IST

ചെന്നൈ: തമിഴ്നാട് ഗവർണർ ആർ എൻ രവിയ്ക്കെതിരായ വിവാദ പരാമർശത്തിന് പിന്നാലെ ഡിഎംകെ വക്താവ് ശിവാജ് കൃഷണമൂർത്തിയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. ഗവർണർ സർക്കാർ പോര് രൂക്ഷമാകുന്നതിനിടയിൽ അനുചിതമായ രീതിയിൽ പ്രസ്താവന നടത്തിയതിന് ശിവാജി കൃഷണമൂർത്തിയെ സസ്പെൻഡ് ചെയ്യുകയായിരുന്നു. അദ്ദേഹത്തെ എല്ലാ പാർട്ടി ചുമതലകളിൽ നിന്നും താത്കാലികമായി നീക്കം ചെയ്തതായി ജനറൽ സെക്രട്ടറി ദുരൈ മുരുകൻ അറിയിച്ചു.

ഗവർണറുടെ നയപ്രസംഗാവതരണത്തിനിടയിൽ സർക്കാർ നൽകിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഗവർണർ വായിക്കാതെ ഒഴിവാക്കിയിരുന്നു. തമിഴ്നാടിലെ ക്രമസമാധാനനിലയെ പ്രകീർത്തിച്ച് കൊണ്ടുള്ള ഭാഗങ്ങളും അംബേദ്കർ, കാമരാജ് അടക്കമുള്ള നേതാക്കളുടെ പേരുകളുമായിരുന്നു ഗവർണർ ഒഴിവാക്കിയത്. പ്രസംഗം പൂർണമായി വായിക്കണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രമേയം പാസാക്കിയതോടെ ഗവർണർ നിയമസഭ ബഹിഷ്കരിക്കുന്ന അസാധാരണ സംഭവവും അരങ്ങേറിയിരുന്നു. ഈ വിഷയത്തിൽ കൃഷ്ണമൂർത്തി നടത്തിയ പരാമർശമായിരുന്നു അച്ചടക്ക നടപടിയിൽ കലാശിച്ചത്.

അംബേദ്കറുടെ പേര് ഉച്ചരിക്കാൻ ഗവർണർക്ക് മടിയാണെങ്കിൽ അദ്ദേഹം കാശ്മീരിലേയ്ക്ക് പോകട്ടെ, അയാളെ വെടിവെച്ചിടാൻ ഒരു തീവ്രവാദിയെ ഞങ്ങളയക്കാം എന്നായിരുന്നു ശിവാജി കൃഷ്ണമൂർത്തിയുടെ പ്രസ്താവന. ഗവർണർക്കെതിരായി യാതൊന്നും പറയരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ടെന്നും നിയമസഭയിലെ പ്രസംഗം പൂർണമായി ഗവർണർ വായിച്ചിരുന്നെങ്കിൽ താൻ അദ്ദേഹത്തിന്‍റെ കാലിൽ പൂക്കൾ വച്ചു തൊഴുമായിരുന്നു എന്നും കൃഷ്ണമൂർത്തി പറഞ്ഞു.

കൃഷ്മമൂർത്തിയുടെ വിവാദ പരാമർശത്തിന് പിന്നാലെ തന്നെ ഗവർണറുടെ സെക്രട്ടറി പ്രസന്ന രാമസ്വാമി ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അനുവാദത്തോടെയാണ് വിവാദ പരാമർശമുണ്ടായതെന്നും കൃഷ്ണമൂർത്തിയെ ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റ് ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തതായി അറിയിപ്പുണ്ടാകുന്നത്.

Advertisement
Advertisement